ഒന്നു തുടങ്ങിവെച്ചാൽ മതി; മാലാഖമാർ പറന്നുവരും
text_fieldsസവിശേഷമായി തോന്നിയ കോവിഡ് കാല നന്മയെ കുറിച്ച് ഗൾഫ് മാധ്യമത്തിൽ എഴുതാം. കൂടുതൽ വിവരങ്ങൾക്ക് kuwait@gulfmadhyamam.net എന്ന മെയിലിലും 97957790 എന്ന വാട്ട്സ്ആപ് നമ്പറിലും ബന്ധപ്പെടാം
കുവൈത്ത് സിറ്റി: 2020 മാർച്ച് അവസാന ആഴ്ചകളിലൊന്നിലാണ് കുവൈത്തിലെ സാമൂഹിക പ്രവർത്തകരുടെ സൗഹൃദ കൂട്ടായ്മയായ 'യുനൈറ്റ് ദി മലയാളി' വാട്സ്ആപ് ഗ്രൂപ്പിൽ സന്തോഷ് തൃശൂർ മഹ്ബൂലയിലെ ലേബർ ക്യാമ്പിൽ 20ഓളം തൊഴിലാളികൾക്ക് ഭക്ഷണസാധനങ്ങൾ ആവശ്യമുണ്ട് എന്ന് അറിയിക്കുന്നത്. സാധനങ്ങൾ സംഘടിപ്പിക്കാൻ ശ്രമിക്കാം എന്ന് പോസ്റ്റ് ഇട്ട് ജി.കെ.പി.എ ഹെൽപ്ഡെസ്ക് സ്പോൺസേഴ്സ് ടീം ഗ്രൂപ്പിലേക്ക് സന്തോഷിന്റെ മെസേജ് ഫോർവേഡ് ചെയ്ത് പ്രതികരണം കാത്തിരിക്കുകയായിരുന്നു. കുറച്ചുകഴിഞ്ഞ് യുനൈറ്റഡ് ഗ്രൂപ്പിൽ നോക്കുമ്പോൾ അർപ്പൺ കുവൈത്തിന്റെ കെ.പി. സുരേഷ് 'അത് ഏർപ്പാടാക്കി, മുബാറക്ക് ഇനി നോക്കണ്ടാ' എന്ന മെസേജ് ഇട്ടിരിക്കുന്നു.
ആ വിവരം ജി.കെ.പി.എ ഹെൽപ് ഡെസ്കിൽ അപ്ഡേറ്റ് ചെയ്യാൻ നോക്കുമ്പോൾ സഹായവുമായി രാജശേഖരൻ നായരുടെ പ്രതികരണം വന്നിരിക്കുന്നു. മറ്റു ചിലരും ഒകെ എന്ന മെസേജും. അത് പൂർത്തിയായ കാര്യം അറിയിച്ചപ്പോൾ ഇനിയും ആവശ്യം വരും ഓഫർ ചെയ്തത് കലക്റ്റ് ചെയ്യാൻ ആയിരുന്നു അവരുടെ നിർദേശം. രണ്ടു മൂന്ന് ദിവസങ്ങൾ കൊണ്ട് സ്ഥിതിഗതികൾ മാറിമറിഞ്ഞു. പലയിടങ്ങളിലും ലോക്ഡൗൺ കാരണം പുറത്തിറങ്ങാൻ ആവാതെ കൈയിൽ പണമില്ലാതെ നിലവിളികൾ ഉയർന്നു. ഉടൻ മറ്റു സംഘടനകൾക്കൊപ്പം ജി.കെ.പി.എ ഹെൽപ്ഡെസ്കും ഭക്ഷണ വിതരണം ആരംഭിച്ചു. എല്ലാവർക്കും പാചകം ചെയ്ത ഭക്ഷണം എത്തിക്കൽ പ്രാവർത്തികമല്ല എന്ന് മനസ്സിലായപ്പോൾ ഒരാൾക്ക് കുറഞ്ഞത് 15-20 ദിവസത്തേക്ക് ഉള്ള അവശ്യസാധനങ്ങൾ കിറ്റ് ആക്കി നൽകാനും ധാരണയായി. പുറത്തിറങ്ങാൻ ഭയമില്ലാത്ത, വാഹനം ഉള്ള, സമയസൗകര്യം ഉള്ള ടീമിനെ കണ്ടെത്തൽ ആയിരുന്നു അടുത്ത വെല്ലുവിളി. ദിവസങ്ങൾ കഴിയുന്തോറും വെല്ലുവിളി അധികരിക്കുകയായിരുന്നു.
ഹെൽപ് ഡെസ്ക് നമ്പർ കൈമാറ്റം ചെയ്യപ്പെട്ട് കൂടുതൽ വിളി എത്തിത്തുടങ്ങി. ഗൂഗിൾ ഫോം വഴി ആവശ്യക്കാരെ ലൊക്കേഷൻ സഹിതം രജിസ്റ്റർ ചെയ്യിച്ച് ഏരിയ തിരിച്ച് ടീം ആയ് പാസി നമ്പർ വഴി കൃത്യമായി ലൊക്കേഷൻ ഗ്രൂപ് സെറ്റ് ചെയ്ത് ദിവസവും 100-150 പേർക്ക് കിറ്റുകൾ നൽകാനായി. ബാക്കിയുള്ള 200 കിറ്റും പരിമിതമായ ഫണ്ടുമായി ഹെൽപ് ഡെസ്കിൽ സഹായം ചോദിച്ചിരിക്കുന്ന 1200ഓളം ആളുകളിലേക്ക് എങ്ങനെ എത്തും എന്ന് ആലോചിച്ച് വിറങ്ങലിച്ച് നിൽക്കുമ്പോൾ ആണ് അബൂദബിയിൽനിന്ന് ലുലു ഫിനാൻസ് ഗ്രൂപ് എം.ഡി അദീബ് അഹ്മദിന്റെ ടീം അംഗം അസീം യൂസുഫ് ബന്ധപ്പെടുന്നത്. ഇടക്ക് സാധന ലഭ്യത കുറഞ്ഞപ്പോൾ അത് കിറ്റ് വിതരണത്തെ ബാധിക്കാതെ പരോക്ഷ പിന്തുണയുമായി കെ.പി. സുരേഷും ക്വാളിറ്റി മുസ്തഫയും പാക്കിങ് യൂനിറ്റിന് ഹാൾ വിട്ടുതന്ന് 'മീ റ്റു' ബർഗർ ടീമും ഐ.ഐ.സി കുവൈത്ത് ടീമും വിതരണ സഹായത്തിനായി ബയാൻ മൂസക്കയും യാത്ര കുവൈത്തിന്റെ അനിൽ ആനാടും ബഷീറും പിന്നെ എല്ലാത്തിനും പിന്തുണയായി റഷീദ് പുതുക്കുളങ്ങരയും അൽജീരിയൻ ബിസിനസുകാരനായ ഡോ. അബ്ദുൽ മാലിക്, ജെറി... അങ്ങനെ അങ്ങനെ എത്രയോ പേർ. ഒരാൾ തന്നെ പലരിൽനിന്നും കിറ്റുകൾ വാങ്ങി ദുരുപയോഗം ചെയ്യുന്നില്ല എന്ന് പരമാവധി ഉറപ്പാക്കാൻ സംഘടനകൾ പരസ്പരം പിന്തുണച്ചതും മാതൃകാപരമാണ്.
വെൽഫെയർ കേരള കുവൈത്ത്, കെ.എം.സി.സി, എയിംസ്, ഒ.ഐ.സി.സി, കല, സാരഥി, യാത്ര, തനിമ, ഒ.ഐ.എ-ആസ്ക്, അർപ്പൺ, ഐ.സി.ജി.എസ്, കെ.എൽ കുവൈത്ത് തുടങ്ങി നിരവധി സംഘടനകൾ, ചെറുതും വലുതുമായ കൂട്ടായ്മകൾ നടത്തിയ എല്ലാം കൈകോർത്ത് നിന്നാണ് നമ്മളെ ദുരിതക്കയത്തിൽനിന്ന് കരകയറ്റിയത്. ഇത്രയൊക്കെ ചെയ്യാൻ കഴിയുമെന്ന് ഈ സംഘടന പ്രവർത്തകർ തുടക്കത്തിൽ ഒട്ടും വിചാരിച്ചുകാണില്ല. നാം ഒന്ന് തുടങ്ങിവെച്ചാൽ മതി, സന്മനസ്സുള്ള ഒരുപാട് പേർ സഹായഹസ്തങ്ങളുമായി മാലാഖമാരെ പോലെ പറന്നെത്തുമെന്ന് ബോധ്യപ്പെടുത്തി കോവിഡ് കാലം.
(ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ കുവൈത്ത് ചാപ്റ്റർ ഹെൽപ്ഡെസ്ക് കോഓഡിനേറ്റർ ആണ് ലേഖകൻ )
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.