ഗ്രാമീണ ജനത കേന്ദ്ര സർക്കാറിനെതിരെ രംഗത്ത് -പുത്തലത്ത് ദിനേശൻ
text_fieldsകുവൈത്ത് സിറ്റി: ജനങ്ങളെ മതത്തിന്റെയും ജാതിയുടെയും പേരിൽ ഭിന്നിപ്പിച്ച് നിർത്തി ജീവിത പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധ തിരിച്ചിരുന്ന ബി.ജെ.പി സർക്കാറിനെതിരെ ഗ്രാമീണ ജനത തങ്ങളുടെ ജീവിത പ്രശ്നങ്ങൾ ഉയർത്തി മുന്നോട്ട് വരുന്നുണ്ടെന്ന് പുത്തലത്ത് ദിനേശൻ. ഇതിന്റെ ഭാഗമായാണ് മഹാരാഷ്ട്രയിലും രാജസ്ഥാനിലുമുൾപ്പെടെ നടന്ന കാർഷിക സമരങ്ങളും രാജ്യത്ത് ഉയർന്നു വന്ന മറ്റു പ്രക്ഷോഭങ്ങളും. ഈ സമരങ്ങൾക്കൊക്കെയും നേതൃപരമായ പങ്കുവഹിച്ചത് ഇടതുപക്ഷമാണെന്നും അദ്ദേഹം പറഞ്ഞു. കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈത്ത് സംഘടിപ്പിച്ച ഇ.കെ. നായനാർ അനുസ്മരണ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ദേശാഭിമാനി ചീഫ് എഡിറ്ററുമായ പുത്തലത്ത് ദിനേശൻ.
കല കുവൈത്ത് പ്രസിഡന്റ് അനുപ് മങ്ങാട്ട് അധ്യക്ഷത വഹിച്ചു. ഫഹാഹീൽ ആക്ടിങ് സെക്രട്ടറി സജിൻ മുരളി ഇ.കെ. നായനാർ അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു. ലോക കേരളസഭാംഗം ആർ. നാഗനാഥൻ ആശംസ അർപ്പിച്ചു. കല കുവൈത്ത് വൈസ് പ്രസിഡന്റ് റിച്ചി കെ. ജോർജ്, ജോയന്റ് സെക്രട്ടറി ബിജോയ്, സാഹിത്യ വിഭാഗം സെക്രട്ടറി ദേവി സുഭാഷ്, അബ്ബാസിയ മേഖല സെക്രട്ടറി നവീൻ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.
കല കുവൈത്ത് മുഖപുസ്തകമായ കൈത്തിരിയുടെ ആദ്യ പതിപ്പ് സാഹിത്യ വിഭാഗം സെക്രട്ടറി ദേവി സുഭാഷ് പുത്തലത്ത് ദിനേശന് കൈമാറി പ്രകാശനം ചെയ്തു. കല ജനറൽ സെക്രട്ടറി സജി തോമസ് മാത്യു സ്വാഗതവും ട്രഷറർ അനിൽകുമാർ നന്ദിയും പറഞ്ഞു. ഷിജു കുട്ടി തയാറാക്കിയ കഥാപ്രസംഗ കലയുടെ തുടക്കവും നാൾവഴികളെയും കുറിച്ചുള്ള ഡോക്യുമെന്ററി പ്രദർശനവും നടന്നു. ഗായകൻ അലോഷിയും സംഘവും അവതരിപ്പിച്ച ഗസൽ സന്ധ്യ ആകർഷകമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.