കല കുവൈത്ത് മൈക്രോ ഫിലിം മത്സരം: ‘നത്തിങ്നസ്’ മികച്ച ചിത്രം
text_fieldsകുവൈത്ത് സിറ്റി: കല കുവൈത്ത് മൈക്രോ ഫിലിം മത്സരത്തിൽ വി. ശൈലേഷ് സംവിധാനം ചെയ്ത ‘നത്തിങ്നസ്’ മികച്ച ചിത്രമായി തിരഞ്ഞെടുത്തു. ഋഷി പ്രസീദ് കരുൺ സംവിധാനം ചെയ്ത ജമാൽ ആണ് മികച്ച രണ്ടാമത്തെ ചിത്രം. മികച്ച സംവിധായകനായി വി. ശൈലേഷ് (നത്തിങ്നസ്), തിരക്കഥാകൃത്തായി സാബു സൂര്യചിത്ര (ഷിയാസിന്റെ കുറ്റകൃത്യങ്ങൾ ), കാമറാമാനായി ഷാജഹാൻ കൊയിലാണ്ടി, എഡിറ്ററായി ശൈലേഷ്, കലാസംവിധായകനായി അബിൻ അശോക്, മികച്ച നടനായി മധു വഫ്ര, മികച്ച നടി രമ്യാ ജയപാലൻ, മികച്ച ബാലതാരമായി അവന്തിക അനൂപ് മങ്ങാട്ട് എന്നിവരെയും തെരഞ്ഞെടുത്തു. ഭ്രമരത്തിലെ അഭിനയത്തിന് ബാലതാരമായ മഴ ജിതേഷും ഷിയാസിന്റെ കുറ്റകൃത്യങ്ങൾ എന്ന ചിത്രത്തിലെ അഭിനയത്തിന് സുരേഷ് കുഴിപ്പത്തലിലും പ്രത്യേക ജൂറി പരാമർശം നേടി. പൂർണമായും കുവൈത്തിൽ ചിത്രീകരിച്ച അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള 56 ചിത്രങ്ങൾ മത്സരത്തിൽ പങ്കെടുത്തു. ചലച്ചിത്ര താരം ബിനു പപ്പു, സംവിധായകനും തിരക്കഥാകൃത്തുമായ തരുൺ മൂർത്തി എന്നിവരടങ്ങിയ ജൂറിയാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. കല പ്രസിഡന്റ് കെ.കെ. ശൈമേഷ് അധ്യക്ഷത വഹിച്ച ചടങ്ങ് നടൻ ബിനു പപ്പു ഉദ്ഘാടനം ചെയ്തു. ലോക കേരള സഭ അംഗം ആർ നാഗനാഥൻ ആശംസകളറിയിച്ചു. രണ്ടാം ലക്കം ഓൺലൈൻ കൈത്തിരിയുടെ പ്രകാശനം ബിനു പപ്പുവും സാഹിത്യ വിഭാഗം സെക്രട്ടറി കവിത അനൂപും ചേർന്ന് നിർവഹിച്ചു. കല കുവൈത്ത് പ്രവർത്തന വർഷ ലോഗോ രൂപകൽപന ചെയ്ത മധു കൃഷ്ണൻ, കൈത്തിരിയുടെ മുഖചിത്രം തയാറാക്കിയ പ്രവീൺ കൃഷ്ണ എന്നിവർക്കുള്ള ഉപഹാരം തരുൺ മൂർത്തി കൈമാറി. കല കുവൈത്ത് ജനറൽ സെക്രട്ടറി സി. രജീഷ് സ്വാഗതവും, ഫിലിം ഫെസ്റ്റിവല് ജനറൽ കൺവീനർ സജീവ് മാന്താനം നന്ദിയും രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.