പന്തിനു പിറകെ പത്താണ്ട് തികച്ച് കേഫാക്
text_fieldsകുവൈത്ത് സിറ്റി: പ്രവാസികളുടെ ഒഴിവു വേളകൾ കാൽപന്തുകളിയുടെ ചടുലതാളങ്ങളിലേക്കും സുന്ദര മുഹൂർത്തങ്ങളിലേക്കും കോർത്തിണക്കിയ കേരള എക്സ്പാറ്റ്സ് ഫുട്ബോൾ അസോസിയേഷൻ കുവൈത്ത് (കേഫാക്) പ്രവർത്തനത്തിന്റെ പത്താണ്ട് പിന്നിട്ടു.
2012ൽ ഏതാനും മലയാളീ ഫുട്ബാൾ ക്ലബ്ബ്കളും കൂട്ടായ്മകളും ചേർന്ന് രൂപീകരിച്ച കേഫാക് കുവൈത്തിൽ ഇന്ന് ആയിരത്തോളം കളിക്കാരുടെയും മറ്റു അംഗങ്ങളുടെയും പ്രതീക്ഷകളുടെയും ആഷാഭിലാഷങ്ങളുടെയും സംഗമ വേദിയാണ്. ഒരു വർഷത്തോളം നീണ്ടു നിൽക്കുന്ന വൈവിധ്യമാർന്ന ഫുട്ബോൾ മത്സരങ്ങൾ പത്തു വർഷമായി നടത്തുന്ന ഏക പ്രവാസി കൂട്ടായ്മ എന്നതും ഗൾഫ് മേഖലയിൽ കേഫാക്കിന്റെ മാത്രം പ്രത്യേകത ആണ്.
18 അഫിലിയേറ്റഡ് ക്ലബുകളുടെ 36 ടീമുകൾ മാറ്റുരക്കുന്ന സോക്കർ ലീഗ്,മാസ്റ്റേഴ്സ് ലീഗ് മത്സരങ്ങളിൽ 1000 ൽ അധികം കളിക്കാരാണ് ഓരോ വർഷവും കേഫാക്കിന്റെ കീഴിൽ അണി നിരക്കുന്നത്. പ്രവാസ ജീവിതത്തിനിടയിലും തങ്ങളുടെ പ്രതിഭ നഷടപ്പെടാതെ പുറത്തെടുക്കാനും കഴിവു തെളിയിക്കാനും നിരവധി കളിക്കാർക്ക് ഇതിലൂടെ അവസരം ഒരുങ്ങുന്നു.
ഇന്ത്യയിലും കേരളത്തിലും ഫുട്ബോൾ മേഖലയിൽ പ്രവർത്തിച്ചു കഴിവ് തെളിയിച്ച പ്രവാസ ജീവിതം നയിക്കുന്ന ഫുട്ബോൾ ആവേശം കെടാതെ സൂക്ഷിക്കുന്നവരാണ് കേഫാകിന്റെ ചുക്കാൻ പിടിക്കുന്നത്. 18 അഫിലിയേറ്റഡ് ക്ലബ്ബ് പ്രതിനിധികൾ അടങ്ങുന്ന മാനേജിങ് കമ്മിറ്റിയാണ് സംഘടനയെ നയിക്കുന്നത്.
ഐ.എം വിജയൻ, മുഹമ്മദ് റാഫി, അനസ് എടത്തൊടിക തുടങ്ങിയ ഇന്ത്യൻ ഫുട്ബോൾ താരങ്ങൾ ഉൾപ്പെടെ കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലയളവിൽ അതിഥികളായി കേഫാക്കിന്റെ മത്സര വേദികളിൽ സാന്നിധ്യമറിയിച്ചിരുന്നു. കേഫാക് തന്നെ രൂപീകരിച്ച അൻപതിലധികം വരുന്ന പരിശീലനം സിദ്ധിച്ച കേഫാക് റഫറീസ് പാനൽ ആണ് മത്സരങ്ങൾ നിയന്ത്രിക്കുന്നത്.
വെള്ളിയാഴ്ച്ച വൈകുന്നേരം 4.30 മുതൽ കേഫാക് ലീഗ് മത്സരങ്ങളുടെ സ്ഥിരം വേദിയായ മിശ്രിഫിലെ ഗ്രൗണ്ടിൽ കേഫാക് ലീഗിന് തുടക്കമാകുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
കുവൈത്തിലെ ആറു പ്രമുഖ സ്കൂൾ ടീമുകളെ പങ്കെടുപ്പിച്ചു നടത്തുന്ന അണ്ടർ 19 ഇന്റർ സ്കൂൾ ഫുട്ബാൾ ടൂർണമെന്റ് ഈ വർഷത്തെ ഉത്ഘാടന ചടങ്ങിന്റെ ആകർഷണമായിരിക്കും. കുവൈത്തിലെ വിവിധ സംഘടനാ പ്രതിനിധികൾ, ഇന്ത്യൻ എംബസി പ്രതിനിധികൾ എന്നിവർ സംബന്ധിക്കും.
പ്രസിഡന്റ് മൻസൂർ കുന്നത്തേരി,സെക്രട്ടറി ജോസ് കർമേന്ദ്, മീഡിയ സെക്രട്ടറി ഫൈസൽ ഇബ്രാഹിം കണ്ണൂർ,കായിക സെക്രട്ടറി അബ്ദുൽ റഹ്മാൻ, കെ.സി.രബീഷ്,കമറുദ്ദീൻ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.