കെഫാക് ഫുട്ബാൾ ലീഗിന് ആവേശത്തുടക്കം
text_fieldsകുവൈത്ത് സിറ്റി: കേരള എക്സ്പാർട്സ് ഫുട്ബാൾ അസോസിയേഷന് സംഘടിപ്പിക്കുന്ന ഒമ്പതാമത് കെഫാക് ഫുട്ബാൾ ലീഗ് സീസണിന് തുടക്കം.
മിശിരിഫിലെ പബ്ലിക് അതോറിറ്റി ഫോർ യൂത്ത് ആൻഡ് സ്പോർട്സ് സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി കമൽ സിങ് റാത്തോറും ടൈസ് കുവൈത്ത് ചെയർമാൻ അബ്ദുൽ അസീസ് അൽ ദുഐജും ചേർന്ന് കിക്കോഫ് നിര്‍വഹിച്ചു. ലീഗില്‍ പങ്കെടുക്കുന്ന വിവിധ ടീമുകള്‍ അണിനിരന്ന ഉദ്ഘാടന ചടങ്ങില്‍ ലാ ഫാബ്രിക്ക അക്കാദമി ഡയറക്ടർ അബു ഫവാസ്, സുബാഹിർ ത്വയ്യിൽ (ലുലു എക്സ്ചേഞ്ച്), അബ്ദുൽ അസീസ് (ജോയ് ആലുക്കാസ്), കിഫ്ഫ് പ്രസിഡന്റ് ഡെറിക്, എംഫാക് മലപ്പുറം പ്രസിഡന്റ് മുസ്തഫ കാരി, കേരള പ്രസ് അസോസിയേഷൻ ജനറല്‍ സെക്രട്ടറി ഹിക്മത്, മുബാറക്, ഫോക് കണ്ണൂർ ജനറൽ സെക്രട്ടറി ലിജീഷ്, സലീം കോട്ടയിൽ എന്നിവര്‍ മുഖ്യാതിഥികളായി.
തുടർന്ന് 18 ടീമുകളുടെ പ്രദർശനമത്സരം നടന്നു. ടീം ക്യാപ്റ്റന്മാർക്ക് അസി. സ്പോർട്സ് സെക്രട്ടറി സുമേഷ് പ്രതിജ്ഞ ചെല്ലിക്കൊടുത്തു. കനത്ത ചൂടിനെ വകവെക്കാതെ നിരവധി പേർ കളികാണാന്‍ ഗാലറിയിലെത്തി.
ലീഗ് അടിസ്ഥാനത്തില്‍ നടക്കുന്ന കെഫാക് സോക്കര്‍ ലീഗില്‍ കുവൈത്തിലെ 18 ടീമുകളും 35 വയസ്സിനു മുകളിലുള്ള വെറ്ററന്‍സ് താരങ്ങള്‍ അണിനിരക്കുന്ന മാസ്റ്റേഴ്സ് ലീഗില്‍ 18 ടീമുകളും മാറ്റുരക്കും. 400ലധികം മാച്ചുകളാണ് 10 മാസം നീണ്ടുനിൽക്കുന്ന ഓരോ സീസണിലും കെഫാക് സംഘടിപ്പിക്കുന്നത്. ഇന്ത്യയിൽ പ്രമുഖ ക്ലബുകളിലും സെവൻസ് ടൂര്‍ണമെന്റുകളിലും ഐ ലീഗിലും സംസ്ഥാന, യൂനിവേഴ്സിറ്റി തലങ്ങളിലും അണിനിരന്ന ധാരാളം താരങ്ങൾ ക്ലബുകൾക്കുവേണ്ടി ബൂട്ടുകെട്ടുന്നു.
സോക്കര്‍ കേരള, അല്‍ ശബാബ് എഫ്.സി, ബ്ലാസ്റ്റേഴ്സ് കുവൈത്ത് എഫ്.സി, റൗദ എഫ്.സി, ചാമ്പ്യന്‍സ് എഫ്.സി, സി.എഫ്.സി സാല്‍മിയ, സിയാസ്കോ കുവൈത്ത്, ബിഗ് ബോയ്സ് എഫ്.സി, ഫഹാഹീല്‍ ബ്രദേഴ്സ്, കേരള ചലഞ്ചേഴ്സ്, ൈഫ്ലറ്റേഴ്സ് എഫ്.സി, കുവൈത്ത് കേരള സ്റ്റാര്‍സ്, മാക്ക് കുവൈത്ത്, സില്‍വര്‍ സ്റ്റാര്‍ എഫ്.സി, സ്പാര്‍ക്സ് എഫ്.സി, ടി.എസ്.എഫ്.സി, മലപ്പുറം ബ്രദേഴ്സ്, യങ് ഷൂട്ടേഴ്സ് അബ്ബാസിയ എന്നീ ടീമുകള്‍ രണ്ടു ഗ്രൂപ്പുകളിലായാണ് മത്സരിക്കുക.
ഒമ്പതു മാസം നീളുന്ന ഫുട്ബാള്‍ ലീഗ് എല്ലാ വെള്ളിയാഴ്ചയും വൈകീട്ട് മൂന്നു മുതല്‍ രാത്രി ഒമ്പതു വരെയാണ് നടക്കുക. കെഫാക് പ്രസിഡന്റ് ബിജു ജോണി, സെക്രട്ടറി വി.എസ്. നജീബ്, കെഫാക് മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ എന്നിവര്‍ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.