കേരള ബജറ്റ് ഇന്ന്; പ്രതീക്ഷയുമായി പ്രവാസികൾ
text_fieldsകുവൈത്ത് സിറ്റി: ഓരോ ബജറ്റും പ്രവാസികൾ കാത്തിരിക്കുന്നത് നിരവധി പ്രതീക്ഷകളുമായാണ്. ഇക്കുറിയും അതിന് മാറ്റമില്ല. കോവിഡിൽനിന്ന് കരകയറാൻ ശ്രമിക്കുന്ന പ്രവാസികൾക്കുകൂടി താങ്ങാവുന്നതാകണം ഇത്തവണത്തെ ബജറ്റ് എന്ന് പ്രവാസികൾ ആവശ്യപ്പെടുന്നു.
പറഞ്ഞുപഴകിയ പതിവു പല്ലവികൾ ആവർത്തിക്കാതെ ഇക്കുറിയെങ്കിലും ഗുണം ചെയ്യുന്ന പ്രഖ്യാപനങ്ങളുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ. മടങ്ങിപ്പോകുന്ന പ്രവാസികളുടെ പുനരധിവാസത്തിനായി പാക്കേജ് പ്രഖ്യാപിച്ച് നടപ്പാക്കണമെന്ന ആവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ട്. കോവിഡ് എത്തിയതോടെ ഈ ആവശ്യം ബലപ്പെട്ടിരുന്നു.
പ്രവാസികൾക്ക് സ്വയംതൊഴിൽ ആരംഭിക്കാൻ കുറഞ്ഞ പലിശക്ക് 1000 കോടിയുടെ വായ്പ ലഭ്യമാക്കുമെന്ന് കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. പ്രവാസിക്ഷേമ പദ്ധതിക്കായി ബജറ്റ് വിഹിതം 170 കോടിയായി ഉയർത്തുമെന്നും പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനങ്ങളെല്ലാം പാതിവഴിയിലാണ്. പ്രവാസികളിൽ 15 ലക്ഷം പേർ തിരിച്ചെത്തിയെന്ന് സർക്കാർ സമ്മതിക്കുന്നുണ്ടെങ്കിലും അവരെ സഹായിക്കാനുള്ള കാര്യമായ പരിപാടികളൊന്നും ആവിഷ്കരിച്ചിട്ടില്ല.
ഗൾഫിൽ നിന്ന് മികച്ച പരിശീലനം നേടി നാട്ടിലെത്തിയവരുടെ കഴിവ് നാടിന്റെ വികസനത്തിന് ഉപയോഗിക്കുന്നതരത്തിലുള്ള പദ്ധതികൾ ആവിഷ്കരിക്കണമെന്നും പ്രവാസികൾ ആവശ്യപ്പെടുന്നു. ഇതിനായി പുതിയ തൊഴിൽ മേഖലകൾ സൃഷ്ടിക്കുന്നതടക്കമുള്ള നടപടികളാണ് കൈക്കൊള്ളേണ്ടത്. ഐ.ടി മേഖലകളിൽ അടക്കം തൊഴിലെടുത്ത് തിരിച്ചെത്തിയ പ്രവാസികൾ നാട്ടിലുണ്ട്. വിദഗ്ധ പരിശീലനം നേടിയവരാണ് ഇവരിൽ നല്ലൊരു ശതമാനവും.
കോവിഡിൽ മരിച്ച പ്രവാസി കുടുംബങ്ങൾക്ക് സഹായം നൽകണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടിട്ടില്ല. പ്രവാസി പെൻഷൻ വർധിപ്പിക്കുമെന്ന പ്രതീക്ഷയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.