കെ.എഫ്.എ.എസും ഗൂഗ്ൾ ഫോർ എജുക്കേഷനും സഹകരണം തുടരും
text_fieldsകുവൈത്ത് സിറ്റി: കഴിഞ്ഞ വർഷത്തെ വിജയകരമായ പങ്കാളിത്തം തുടരാൻ കുവൈത്ത് ഫൗണ്ടേഷൻ ഫോർ ദി അഡ്വാൻസ്മെന്റ് ഓഫ് സയൻസസും (കെ.എഫ്.എ.എസ്) ഗൂഗ്ൾ ഫോർ എജുക്കേഷനും ധാരണ. വിവിധ വിദ്യാഭ്യാസ തലങ്ങളിൽനിന്നുള്ള അധ്യാപകർക്കായി ഗൂഗ്ൾ ഫോർ എജുക്കേഷനുമായി ചേർന്ന് മൂന്ന് പരിശീലന കോഴ്സുകൾ സംഘടിപ്പിക്കുമെന്ന് കെ.എഫ്.എ.എസ് അറിയിച്ചു.
ക്ലാസ് മുറികളിൽ ഉപയോഗിക്കുന്നതിന് അധ്യാപകർക്ക് ഇലക്ട്രോണിക് വിദ്യാഭ്യാസ ഉപകരണങ്ങൾ നൽകുന്നത് ഇതിൽ പ്രധാനമാണ്. രാജ്യത്തെ വിദ്യാഭ്യാസ നിലവാരം ഉയർത്താൻ സഹായിക്കുന്ന ഗൂഗ്ൾ ഫോർ എജുക്കേഷനുമായി വീണ്ടും സഹകരിക്കുന്നത് ഗുണകരമാണെന്ന് കെ.എഫ്.എ.എസ് സയൻസ് ആൻഡ് മാത്തമാറ്റിക്സ് എജുക്കേഷൻ പ്രോഗ്രാം ഡയറക്ടർ ഡോ. അബ്രാർ അൽ മൂസ പറഞ്ഞു. വിദ്യാഭ്യാസ സമ്പ്രദായത്തിൽ ശാസ്ത്രീയവും സാങ്കേതികവും സുസ്ഥിരവുമായ ഒരു സംസ്കാരം സ്ഥാപിക്കുക എന്നത് ഫൗണ്ടേഷന്റെ ലക്ഷ്യമാണ്.
ഇതിന് അനുസൃതമായി, ഡിജിറ്റൽ പരിവർത്തനത്തിലേക്ക് അധ്യാപകരെ സജ്ജമാക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണ് ഈ സഹകരണമെന്നും അവർ കൂട്ടിച്ചേർത്തു. ഫൗണ്ടേഷന്റെ വെബ്സൈറ്റ് വഴി പരിശീലന കോഴ്സുകൾക്കായി രജിസ്റ്റർ ചെയ്യാനും സോഷ്യൽ മീഡിയയിൽ അതിന്റെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ പിന്തുടരാനും ഡോ. അൽ മൂസ അധ്യാപകരോട് ആവശ്യപ്പെട്ടു. കെ.എഫ്.എ.എസുമായുള്ള പങ്കാളിത്തം തുടരുന്നതിൽ ലേൺ ഐ.ടി അക്കാദമി ഡയറക്ടർ ജെത്രോ മക്ഡൊണാൾഡ് സന്തോഷം പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.