സാഹസികതയുടെ കാഴ്ചയൊരുക്കാൻ ഖസബിൽ സിപ്ലൈൻ
text_fieldsമസ്കത്ത്: സാഹസികതയുടെ പുത്തൻ കാഴ്ചയൊരുക്കാൻ മുസന്ദം ഗവർണറേറ്റിൽ സിപ് ലൈൻ പദ്ധതിയൊരുങ്ങുന്നു. ഖസബ് വിലായത്തിൽ ഒമാൻ ടൂറിസം ഡെവലപ്മെന്റ് കമ്പനി (ഒമ്രാൻ ഗ്രൂപ്) ആണ് പദ്ധതിയും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നത്. ജബൽ ഫിറ്റിൽനിന്ന് ആരംഭിച്ച് ഖോർ ഖാദിയുടെയും മോഖി പ്രദേശത്തിന്റെയും മനോഹര ഭൂപ്രകൃതിയിലൂടെ കടന്നുപോകുന്ന തരത്തിൽ 1800 മീറ്റർനീളത്തിലാണ് സിപ്ലൈൻ. വരാനിരിക്കുന്ന അറ്റന ഖസബ് ഹോട്ടലുമായാണ് ഇതിന്റെ ലാൻഡിങ് പോയന്റ് ബന്ധിപ്പിക്കുന്നത്. ഇവിടെ സന്ദർശക കേന്ദ്രവും വിവിധ വിനോദ, സാഹസിക പരിപാടികൾ ഒരുക്കാനും ആലോചനയുണ്ട്.
പ്രകൃതി അനുഗ്രഹിച്ചുനൽകിയ ഘടകങ്ങളും മുസന്ദം ഗവർണറേറ്റിന്റെ സാംസ്കാരിക സമൃദ്ധിയും ഭാവിയിൽ മേഖലയിലെ വികസനത്തിന് കുതിപ്പുനൽകും. വിനോദസഞ്ചാരികൾക്കായി വിവിധ പ്രവർത്തനങ്ങൾ നൽകുന്നതിന് ഈ പദ്ധതി ഗുണംചെയ്യുമെന്ന് മുസന്ദം ഗവർണറും സംസ്ഥാന മന്ത്രിയുമായ സയ്യിദ് ഇബ്രാഹിം ബിൻ സഈദ് അൽ ബുസൈദി പറഞ്ഞു.
ഗവർണറേറ്റിലെ പുതിയ ടൂറിസ്റ്റ് സൈറ്റായിരിക്കും സിപ്ലൈൻ പദ്ധതിയെന്ന് ഒമ്രാൻ ഗ്രൂപ്പിന്റെ ചീഫ് ഡെവലപ്മെന്റ് ഓഫിസർ എൻജി. സെയ്ഫ് അലി അൽ ഹിനായി പറഞ്ഞു. ഊ മേഖലയുടെ വികസനത്തിനായി പദ്ധതികളും പരിപാടികളും ആവിഷ്കരിച്ച് നടപ്പാക്കുമെന്നു അദ്ദേഹം അറിയിച്ചു. ഗവർണറേറ്റിൽ നിക്ഷേപത്തിന്റെയും വികസനത്തിന്റെയും ഘടകങ്ങൾ ഉൾക്കൊള്ളുന്ന മുസന്ദം അഡ്വഞ്ചർ സെന്ററിന്റെ ആദ്യ ഘട്ടം ആരംഭിക്കുന്നതിൽ സന്തോഷമുണ്ടെന്ന് പൈതൃക ടൂറിസം മന്ത്രാലയത്തിലെ അസി. ജനറൽ പ്ലാനിങ് ഡയറക്ടർ യുസ്ര ഖലഫ അൽ സുബ്ഹി പറഞ്ഞു.
സാമ്പത്തിക വൈവിധ്യവത്കരണത്തെ പിന്തുണക്കുന്നതിനൊപ്പം ഒമാൻ വിഷൻ 2040ന്റെയും ദേശീയ ടൂറിസം തന്ത്രത്തിന്റെയും രൂപരേഖയിലുള്ള ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ഉദ്ദേശിച്ചാണ് പദ്ധതി വരുന്നത്. രാജ്യത്തെ പ്രമുഖ വിനോദ സഞ്ചാര മേഖലയിൽ ഓഫറുമായി ഞങ്ങൾ മുന്നോട്ടുപോകുകയാണ്. ഇത് ഒമാനിലേക്ക് കൂടുതൽ സഞ്ചാരികളെ എത്തിക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.