മാനവികതയുടെ സന്ദേശങ്ങൾ ഉണർത്തി കെ.ഐ.സി യൂനിറ്റി കോൺഫറൻസ്
text_fieldsകുവൈത്ത് സിറ്റി: ‘മനുഷ്യ നന്മക്ക് മതം’ എന്ന പ്രമേയത്തിൽ, കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ (കെ.ഐ.സി) സിൽവർ ജൂബിലിയുടെ ഭാഗമായി സംഘടിപ്പിച്ച യൂനിറ്റി കോൺഫറൻസ് അബ്ബാസിയ്യ ഓക്സ്ഫഡ് പാകിസ്താൻ ഇംഗ്ലീഷ് സ്കൂളിൽ നടന്നു. ജനപങ്കാളിത്തം കൊണ്ടും കുവൈത്തിലെ മത സാമൂഹിക രാഷ്ട്രീയ സംഘടന പ്രതിനിധികളുടെ ഒത്തുചേരൽ കൊണ്ടും കോൺഫറൻസ് ശ്രദ്ധേയമായി.
ഇസ്ലാമിക് കൗൺസിൽ ചെയർമാൻ ശംസുദ്ദീൻ ഫൈസി എടയാറ്റൂർ ഉദ്ഘാടനം നിർവഹിച്ചു. പണ്ഡിതനും പ്രഭാഷകനുമായ ശുഐബുൽ ഹൈതമി വാരാമ്പറ്റ മുഖ്യാതിഥിയായിരുന്നു.
മനുഷ്യ മനസ്സുകൾക്കിടയിൽ അകലം വർധിച്ചുവരുകയും വെറുപ്പും വിദ്വേഷവും വ്യാപകമാവുകയും ചെയ്യുന്ന കാലത്തു മതങ്ങൾ മുന്നോട്ടുവെക്കുന്ന വിശാലമായ മാനവികതയുടെ സന്ദേശങ്ങൾ കൂടുതൽ ശക്തിപ്പെടേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കെ.ഐ.സി പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഫൈസി പൊന്മള അധ്യക്ഷത വഹിച്ചു.
കുവൈത്ത് കെ.എം.സി.സി പ്രസിഡന്റ് ശറഫുദ്ദീൻ കണ്ണേത്ത്, കെ.കെ.എം.എ കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ഇബ്രാഹിം കുന്നിൽ, ഒ.ഐ.സി.സി നാഷനൽ കമ്മിറ്റി സെക്രട്ടറി ജോയ് കരവാളൂർ, സാരഥി കുവൈത്ത് മുൻ പ്രസിഡന്റ് സജീവ് നാരായണൻ, ഫാ. ഗീവർഗീസ് ജോൺ തുടങ്ങി കുവൈത്തിലെ മത സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.
സാഹോദര്യവും ഐക്യവും മതസൗഹാര്‍ദവും തിരിച്ചുപിടിക്കാന്‍ വിയോജിപ്പുകൾ മറന്ന് ഒന്നിച്ചുനിൽക്കണമെന്നും ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ സിൽവർ ജൂബിലി ആഘോഷ ഭാഗമായി നടപ്പാക്കുന്ന അക്ഷരക്കൂട്ട് പദ്ധതിയുടെ ബ്രോഷർ പ്രകാശനവും പ്രീ പബ്ലിക്കേഷൻ ബുക്കിങ് ഉദ്ഘാടനവും മംഗോ ഹൈപ്പർ മാർക്കറ്റ് മാനേജിങ് ഡയറക്ടർ എം.കെ. റഫീഖ് നരിപ്പറ്റക്ക് നൽകി ശംസുദ്ദീൻ ഫൈസി എടയാറ്റൂർ നിർവഹിച്ചു.
അമീൻ മുസ്ലിയാർ ചേകന്നൂർ ഖിറാഅത്ത് അവതരിപ്പിച്ചു. കെ.ഐ.സി വിദ്യാഭ്യാസ വിങ് സെക്രട്ടറി ശിഹാബ് മാസ്റ്റർ നീലഗിരി സ്വാഗതവും കേന്ദ്ര സെക്രട്ടറി ഇസ്മായിൽ ഹുദവി നന്ദിയും പറഞ്ഞു.കേന്ദ്ര മേഖല ഭാരവാഹികൾ പരിപാടിക്കു നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.