കുവൈത്തിൽതെരുവുനായ്ക്കളെയും പൂച്ചകളെയും കൊല്ലുന്നത് വ്യാപകമാവുന്നു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ തെരുവുനായ്ക്കളെയും പൂച്ചകളെയും ഭക്ഷണത്തിൽ വിഷം നൽകി കൊല്ലുന്നത് വ്യാപകമാകുന്നു. വന്ധ്യംകരിച്ച് വ്യാപനം തടയുന്നതിന് പകരം മനുഷ്യത്വരഹിതമായ രീതിയിൽ കൊല്ലുന്നതിനെതിരെ മൃഗസ്നേഹികൾ രംഗത്തെത്തി. ഫ്രൈഡേ മാർക്കറ്റ്, അൽ റായ് ഭാഗത്ത് കഴിഞ്ഞദിവസങ്ങളിൽ നിരവധി തെരുവുനായ്ക്കളും പൂച്ചകളും ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. നാലുദിവസത്തോളം നരകിച്ച് ജീവിച്ച് ഒടുവിൽ ജീവൻ നഷ്ടമാകുന്ന രീതിയിലുള്ള വിഷമാണ് ഭക്ഷണത്തിൽ കലർത്തി നൽകുന്നത്. രഹസ്യ നിരീക്ഷണത്തിലൂടെ ഇതിന് പിന്നിലുള്ളവരെ കണ്ടെത്തണമെന്നും പ്രദേശത്ത് കാമറ സ്ഥാപിക്കണമെന്നും കീടനാശിനി കമ്പനികൾക്കെതിരെയും നടപടി സ്വീകരിക്കണമെന്നും മൃഗസ്നേഹികൾ ആവശ്യപ്പെട്ടു.
വന്ധ്യംകരിക്കുക, താൽക്കാലിക അഭയകേന്ദ്രങ്ങളിൽ പാർപ്പിക്കുക തുടങ്ങിയ പരിഹാര നിർദേശങ്ങളാണ് ഇവർ മുന്നോട്ടുവെക്കുന്നത്. മൃഗസംരക്ഷണ കേന്ദ്രങ്ങൾ സ്ഥാപിക്കാനും മൃഗങ്ങളെ സംരക്ഷിക്കാനും ആവശ്യപ്പെട്ട് പ്രവർത്തകർ ഓൺലൈൻ കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. വളർത്തുമൃഗങ്ങളെ ഉപേക്ഷിക്കുന്നത് തടയാൻ നിയമം നിർമിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. എലി, പൂച്ച, തെരുവുനായ് എന്നിവ സ്വൈരജീവിതം ഇല്ലാതാക്കുന്നതായും പരാതിയുണ്ട്. ചില സ്വദേശികൾ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന നായ്ക്കളെ പിന്നീട് തെരുവിലേക്ക് ഇറക്കിവിടുന്നതും വീടുകളിൽനിന്ന് ഓടിപ്പോവുന്നതുമാണ് കുവൈത്തിൽ മുൻകാലത്തെ അപേക്ഷിച്ച് ഈ പ്രതിഭാസം വർധിക്കാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഇവയിൽനിന്ന് പ്രത്യുൽപാദനത്തിലൂടെ വ്യാപനമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.