'ലിംഗസമത്വത്തിന്റെ പേരിൽ അരാജകത്വത്തിന് വഴിതുറക്കരുത്'
text_fieldsകുവൈത്ത് സിറ്റി: പാശ്ചാത്യനാടുകളിൽ നടപ്പാക്കി സാമൂഹിക പ്രത്യാഘാതങ്ങളിലൂടെ തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്ന ലിംഗസമത്വ പരിഷ്കരണങ്ങൾ കേരളസമൂഹത്തിൽ നടപ്പാക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്ന് കെ.കെ.ഐ.സി അബ്ബാസിയ്യ സോണൽ സമ്മേളനം ആവശ്യപ്പെട്ടു. അശാസ്ത്രീയവും ജൈവപ്രകൃതത്തിന് നിരക്കാത്തതുമായ ലൈംഗിക നയപരിഷ്കരണങ്ങൾ കുടുംബസമൂഹ സംവിധാനങ്ങളുടെ തകർച്ചക്കും ലൈംഗിക അരാജകത്വത്തിന്റെ വളർച്ചക്കും വേഗം കൂട്ടുകയാണ് പാശ്ചാത്യ സമൂഹങ്ങളിൽ ചെയ്തിട്ടുള്ളത്.
ലിംഗസമത്വത്തിനെന്നപേരിൽ കേരളത്തിൽ നടപ്പാക്കാനൊരുങ്ങുന്ന ജെൻഡർ ന്യൂട്രൽ പരിഷ്കരണങ്ങൾ ഈ ദുരന്തത്തിലേക്കുള്ള ആദ്യ ചുവടാണെന്ന തിരിച്ചറിവ് പൊതുസമൂഹത്തിനുണ്ടാവണം. സ്ത്രീപുരുഷ പ്രകൃതങ്ങൾ പരിഗണിച്ചുകൊണ്ട് ലിംഗനീതി ഉറപ്പുവരുത്താനുള്ള നീക്കങ്ങളാണ് കാലത്തിന്റെ ആവശ്യമെന്നും 'ജെൻഡർ ന്യൂട്രാലിറ്റി അജണ്ടകൾ, അപകടങ്ങൾ'എന്ന വിഷയമവതരിപ്പിച്ച് കെ.സി. മുഹമ്മദ് നജീബ് വിശദീകരിച്ചു.
മുഹമ്മദ് നബി മാനവരിൽ മഹോന്നതൻ എന്ന പ്രമേയത്തിൽ കുവൈത്ത് കേരള ഇസ്‍ലാഹി സെൻറർ സംഘടിപ്പിക്കുന്ന ദ്വൈമാസ കാമ്പയിനിന്റെ ഭാഗമായി അബ്ബാസിയ്യ സോൺ സംഘടിപ്പിച്ച പൊതുസമ്മേളനം വിസ്ഡം ഇസ്‍ലാമിക് ഓർഗനൈസേഷൻ, സാമൂഹിക ക്ഷേമ വിഭാഗം സംസ്ഥാന കൺവീനർ ടി.പി. അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. 'സ്നേഹിക്കുക പ്രവാചകനെ സുന്നത്തുകളിലൂടെ'എന്ന വിഷയത്തിൽ പി.എൻ. അബ്ദുറഹിമാൻ അബ്ദുൽ ലത്തീഫ് സംസാരിച്ചു. കാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിച്ച ഓൺലൈൻ ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനം കേന്ദ്ര ഭാരവാഹികളായ അബ്ദുൽ അസീസ് നരക്കോട്ട്, എൻ.കെ.അബ്ദുസ്സലാം, കെ.സി. ലത്തീഫ്, അനിലാൽ ആസാദ് എന്നിവർ വിതരണം ചെയ്തു. അബ്ബാസിയ സോണൽ ജനറൽ സെക്രട്ടറി സ്വാലിഹ് സുബൈറിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സുനിൽ ഖാൻ സ്വാഗതവും ഫിറോസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.