അംഗങ്ങൾക്ക് ആരോഗ്യ പരിരക്ഷയുമായി കെ.കെ.എം.എ
text_fieldsകുവൈത്ത് സിറ്റി: അംഗങ്ങൾക്ക് ആരോഗ്യപരിരക്ഷയുമായി കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ. ആസ്റ്റര്‍ മിംസുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതിയിൽ അംഗങ്ങൾക്കൊപ്പം അവരുടെ കുടുംബാംഗങ്ങള്‍ക്കും പരിരക്ഷ ലഭിക്കും.
കേരളത്തിലെ വിവിധ ആസ്റ്റര്‍ ആശുപത്രികളിൽ കുറഞ്ഞ നിരക്കില്‍ ഇതുവഴി ചികിത്സ ലഭ്യമാകും. കേരളത്തിൽ നിലവിൽ പ്രവർത്തിക്കുന്നതും ഭാവിയിൽ തുടങ്ങുന്നതുമായ എല്ലാ ആശുപത്രികളിലും ഈ സ്കീം ബാധകമാണ്. പരിശോധന മുതല്‍ ശസ്ത്രക്രിയകള്‍ വരെയുള്ള വിവിധ മെഡിക്കല്‍ സേവനങ്ങളിൽ ആനുകൂല്യങ്ങള്‍ ലഭ്യമാകും. ഇതിനായി ഓരോ അംഗത്തിനും വിശദവിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രിവിലേജ് കാര്‍ഡ് നല്‍കും. സാധാരണക്കാരായ അംഗങ്ങൾക്ക് ഇത് ഏറെ പ്രയോജനം ചെയ്യുമെന്നാണ് കണക്കുകൂട്ടൽ. ഇതുസംബന്ധമായ ധാരണപത്രം കെ.കെ.എം.എ മിംസ് ഭാരവാഹികൾക്ക് കൈമാറി.
രണ്ടു ദശകത്തിലേറെയായി കുവൈത്തിൽ പ്രവർത്തിക്കുന്ന കെ.കെ.എം.എ സാമൂഹിക-സാംസ്കാരിക-ആരോഗ്യ മേഖലയിൽ ശ്രദ്ധപുലർത്തുന്നു. പ്രവാസികൾക്കും അവരുടെ കുടുംബങ്ങൾക്കും നിരവധി സേവനപ്രവർത്തനങ്ങൾ ചെയ്യുന്ന സംഘടനയാണ് കെ.കെ.എം.എ എന്ന് പ്രസിഡന്റ് ഇബ്രാഹീം കുന്നിൽ പറഞ്ഞു. ഡയാലിസിസ് സെന്ററുകൾ, ചികിത്സ സഹായം, മരണാനന്തര സഹായം എന്നിങ്ങനെ വിവിധ മേഖലകളിൽ കെ.കെ.എം.എ ഇടപെട്ടുവരുന്നു.
ഇതിന്റെ തുടർച്ചയാണ് അംഗങ്ങൾക്ക് ആരോഗ്യ പരിരക്ഷയെന്നും ഇബ്രാഹിം കുന്നിൽ വ്യക്തമാക്കി. കുവൈത്തിൽ മെഗാ മെഡിക്കൽ ക്യാമ്പും രക്തദാന ക്യാമ്പും നടത്തി ശ്രദ്ധേയമാണ് കെ.കെ.എം.എ ഭാരവാഹികളായ കെ. സിദ്ദിഖ്, അക്ബർ സിദ്ദിഖ്, എൻ.എ. മുനീർ, അബ്ദുൽ ഫതാഹ് തയ്യിൽ, എ.പി. അബ്ദുൽ സലാം, കെ. ബഷീർ, റഷീദ് സംസം, മുനീർ കുണിയ എന്നിവർ ആരോഗ്യ പരിരക്ഷ പദ്ധതിക്ക് നേതൃത്വം നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.