കെ.എം.സി.സി നാല് ജില്ല കമ്മിറ്റികളെ പ്രഖ്യാപിച്ചു
text_fieldsകുവൈത്ത് സിറ്റി: ഭിന്നത രൂക്ഷമായതിനെ തുടർന്ന് മാറ്റിവെച്ചിരുന്ന കെ.എം.സി.സി നാല് ജില്ല കമ്മിറ്റികളിലെ ഭാരവാഹികളെ പ്രഖ്യാപിച്ചു. മുസ്ലിം ലീഗ് നേതൃത്വമാണ് കമ്മിറ്റികളെ പ്രഖ്യാപിച്ചത്. തുടർന്ന് മലപ്പുറം, തൃശൂർ പുതിയ കമ്മിറ്റികൾ നിലവിൽ വന്നു. കോഴിക്കോട്, കണ്ണൂർ കമ്മിറ്റികൾ രൂപവത്കരിക്കാനും മുസ്ലിം ലീഗ് നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്. 13 അംഗ കമ്മിറ്റിയിൽ കോഴിക്കോട് ജില്ലയിൽ വിമത വിഭാഗത്തിന് നാലും കണ്ണൂർ ജില്ലയിൽ ആറും അംഗങ്ങളെ ഉൾപ്പെടുത്താം.
കെ.എം.സി.സിയിൽ രൂപപ്പെട്ട പ്രസിഡന്റ്, ജനറൽ സെക്രട്ടറി വിഭാഗങ്ങളുടെ രൂക്ഷമായ ഭിന്നതയിൽ നാല് ജില്ല കമ്മിറ്റികളുടെ രൂപവത്കരണം നീണ്ടുപോകുകയായിരുന്നു. തുടർന്ന് കമ്മിറ്റി രൂപവത്കരണത്തിനായി മുസ്ലിം ലീഗ് സംസ്ഥാന ജനറല് സെക്രട്ടറി പി.എം.എ സലാം, സെക്രട്ടറിമാരായ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, കുവൈത്തിന്റെ സംഘടന ചുമതലയുള്ള അബ്ദുറഹ്മാൻ രണ്ടത്താണി എന്നിവർ കഴിഞ്ഞ മാസം കുവൈത്തിലെത്തിയിരുന്നു. എന്നാൽ, യോഗം കൈയാങ്കളിയിൽ സമാപിച്ചതോടെ ചർച്ച വഴിമുട്ടി. തുടർന്ന് ഇരു വിഭാഗം നേതാക്കളുമായി മൂന്നംഗം സംഘം വെവ്വേറെ ചർച്ച നടത്തി. ഇതിലും സമവായ സാധ്യതകൾ രൂപപ്പെട്ടില്ല. തുടർന്ന് മുസ്ലിം ലീഗ് നേതൃത്വം നാട്ടിലേക്ക് മടങ്ങുകയായിരുന്നു.
കൈയാങ്കളിയുടെ പശ്ചാത്തലത്തിൽ ജനറൽ സെക്രട്ടറിയേയും മറ്റു ഭാരവാഹികളെയും മുസ്ലിം ലീഗ് നേതൃത്വം സസ്പെൻഡ് െചയ്തു. തുടർന്ന് കുവൈത്തിലെ പ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായി ലീഗ് നേതൃത്വം തന്നെ കെ.എം.സി.സിയിൽ ഒഴിവുള്ള ഭാരവാഹികളെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിറകെയാണ് നാലു ജില്ല കമ്മിറ്റികളെയും നിശ്ചയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.