കെ.എം.സി.സി ‘തംകീൻ-24’ സമ്മേളനം വെള്ളിയാഴ്ച
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി തംകീൻ മഹാസമ്മേളനം വെള്ളിയാഴ്ച അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ നടക്കും. വൈകീട്ട് ആറിന് ആരംഭിക്കുന്ന പരിപാടിയിൽ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം, സെക്രട്ടറി കെ.എം. ഷാജി എന്നിവർ സംസാരിക്കും.
മൂന്നാമത് ‘ഇ. അഹമ്മദ് എക്സലൻസി അവാർഡി’ന് അർഹനായ എം.എ. ഹൈദർ ഗ്രൂപ് ചെയർമാൻ ഡോ. എസ്.എം ഹൈദറലിക്ക് ചടങ്ങിൽ അവാർഡ് കൈമാറും. സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ-സാമ്പത്തിക രംഗങ്ങളിൽ അംഗങ്ങളെയും പ്രവാസികളെയും ശാക്തീകരിക്കാൻ ആവശ്യമായ ചർച്ചകളും പദ്ധതികളും നടപ്പിൽ വരുത്തുകയാണ് സമ്മേളന ലക്ഷ്യമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
മുസ്ലിം ലീഗ് മുന്നോട്ടുവെക്കുന്ന ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പ്രസക്തി പ്രവാസി പൊതുസമൂഹത്തിൽ പ്രചരിപ്പിക്കുകയും മുസ്ലിം ലീഗിന്റെ രാഷ്ട്രീയധാരയിലേക്ക് പ്രവാസികളെ ആകർഷിക്കുകയുമാണ് കെ.എം.സി.സി ലക്ഷ്യങ്ങളിലൊന്ന്. മുൻകാലങ്ങളിൽ നടപ്പിൽ വരുത്തിയ പദ്ധതികൾ തിരിച്ചുകൊണ്ടുവരാനും കാലാനുസൃത മാറ്റങ്ങൾ കൊണ്ടുവരാനും ഉദ്ദേശിക്കുന്നതായും ഭാരവാഹികൾ പറഞ്ഞു.
വാർത്തസമ്മേളനത്തിൽ പ്രസിഡന്റ് നാസർ അൽ മഷ്ഹൂർ തങ്ങൾ, ജനറൽ സെക്രട്ടറി മുസ്തഫ കാരി, ട്രഷറർ ഹാരിസ് വള്ളിയോത്ത്, ഓർഗനൈസിങ് സെക്രട്ടറി സിറാജ് എരഞ്ഞിക്കൽ, മീഡിയ ചാർജുള്ള വൈസ് പ്രസിഡന്റ് ഫാറൂഖ് ഹമദാനി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.