കൊച്ചി വിമാനത്താവളം തുറന്നില്ല; പ്രവാസികൾക്ക് വലിയ നഷ്ടം
text_fieldsകുവൈത്ത് സിറ്റി: പ്രളയത്തെ തുടർന്ന് വെള്ളക്കെട്ടിലായ കൊച്ചി വിമാനത്താവളം അടച്ചിട്ടതും തുറക്കുന്നത് നീട്ടിയതും കുവൈത്തിലെ പ്രവാസികൾക്ക് ഇരുട്ടടിയായി.
ബലിപെരുന്നാൾ, ഒാണം ആഘോഷ വേളയിൽ വിമാനത്താവളം അടഞ്ഞുകിടന്നതോടെ പലർക്കും നാട്ടിൽ പോകാൻ സാധിച്ചില്ലെന്ന് മാത്രമല്ല,
നേരത്തേ പോയവർ തിരിച്ചുവരാൻ വലിയ പ്രയാസം അനുഭവിക്കുകയും ചെയ്യുന്ന അവസ്ഥയാണുള്ളത്. കൊച്ചിയിൽനിന്ന് കുവൈത്തിലേക്ക് ടിക്കറ്റെടുത്തവരിൽ പലരും അവധി തീർന്നതിനാലും മടങ്ങിയെത്തിയില്ലെങ്കിൽ ജോലി നഷ്ടപ്പെടാനുള്ള സാധ്യതകൾ മുന്നിൽ കണ്ടും മറ്റു വിമാനത്താവളങ്ങൾ വഴി വൻതുക മുടക്കിയാണ് കുവൈത്തിലേക്ക് മടങ്ങിയെത്തിക്കൊണ്ടിരിക്കുന്നത്. പലർക്കും 60,000 മുതൽ ഒരു ലക്ഷം രൂപ വരെയാണ് കുവൈത്തിലേക്ക് ടിക്കറ്റിന് ചെലവാക്കേണ്ടിവന്നിരിക്കുന്നത്. കൊച്ചിയിൽനിന്ന് ടിക്കറ്റ് എടുത്തവരിൽ പലർക്കും മടങ്ങിവരവ് വരെ പ്രയാസത്തിലാണ്. കൊച്ചിയിൽനിന്ന് കുവൈത്തിലേക്ക് നേരിട്ടും കണക്ഷൻ ആയും പ്രതിദിനം 20ഒാളം സർവിസുകളാണുള്ളത്. മുംബൈയിൽ പോയി അവിടെനിന്ന് വരുന്നവരും നിരവധിയാണ്. ഇത്തരത്തിൽ വരുന്നവരെയെല്ലാം കൊച്ചി വിമാനത്താവളം വെള്ളപ്പൊക്കത്തിൽ മുങ്ങിയത് ബാധിച്ചു.
ആഗസ്റ്റ് 26ന് വിമാനത്താവളത്തിെൻറ പ്രവർത്തനം പുനരാരംഭിക്കുമെന്ന ആദ്യ പ്രഖ്യാപനത്തിൽ ആശ്വസിച്ച് അടുത്ത ദിവസങ്ങളിൽ കുടുംബമായി വരാമെന്ന് കരുതിയവർക്ക് ആഗസ്റ്റ് 29ലേക്ക് നീട്ടിയത് തിരിച്ചടിയായി. അതേസമയം, കുവൈത്ത് എയർവേസ്, ഖത്തർ എയർവേസ്, എമിറേറ്റ്സ് എന്നിവ തിരുവനന്തപുരത്തുനിന്ന് അധിക സർവിസ് തുടങ്ങിയത് ആശ്വാസകരമാണ്. വേനലവധിയും ബലിപെരുന്നാളും ഒാണവും പ്രമാണിച്ച് വൻതോതിൽ ആളുകൾ നേരത്തേ തന്നെ നാട്ടിലെത്തിയതിനാൽ തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളിൽനിന്ന് കുവൈത്തിലേക്ക് ടിക്കറ്റ് ലഭിക്കാത്ത അവസ്ഥയുമുണ്ട്. അപൂർവം സീറ്റുകൾ ഒഴിവുള്ളതിന് തന്നെ 60,000 രൂപയെങ്കിലും നൽകേണ്ട സ്ഥിതിയാണ്.
മധുര, കോയമ്പത്തൂർ, ട്രിച്ചി, ചെന്നൈ, ബംഗളൂരു വിമാനത്താവളങ്ങളിലെത്തി അവിടെ നിന്ന് വരുന്നവരുമുണ്ട്. അത്യാവശ്യമായി കുവൈത്തിൽ എത്തേണ്ടവർ അഹ്മദാബാദ് വിമാനത്താവളത്തിൽ പോയി അവിടെനിന്ന് വന്ന സ്ഥിതിയുമുണ്ട്. അതേസമയം, കൊച്ചിയിൽനിന്ന് ടിക്കറ്റ് എടുത്തവർക്ക് മറ്റു വിമാനത്താവളങ്ങളിൽനിന്ന് ഒഴിവുള്ള സീറ്റുകൾ അധിക പണം ഇൗടാക്കാതെ കമ്പനികൾ നൽകുന്നുണ്ട്. കുവൈത്ത്, കോഴിക്കോട്, കൊച്ചി എയർ ഇന്ത്യ എക്സ്പ്രസ് കോഴിക്കോട് യാത്ര അവസാനിപ്പിക്കുകയാണ്. കൊച്ചിയിൽനിന്ന് വരുന്നവർ എക്സ്പ്രസുമായി ബന്ധപ്പെട്ട് ടിക്കറ്റ് കോഴിക്കോടുനിന്നാക്കിയാണ് ഇൗ സർവിസ് ഉപയോഗപ്പെടുത്തുന്നത്.
അതേസമയം, കൊച്ചി വിമാനത്താവളം പ്രവർത്തനം ആരംഭിച്ചാലും നിലവിലെ സാഹചര്യത്തിൽ സെപ്റ്റംബർ 10 ആകാതെ സീറ്റ് ഒഴിവ് ഉണ്ടാകാനും സാധ്യത കുറവാണ്.
കാർഗോ കമ്പനികളെയും കൊച്ചി വിമാനത്താവളം അടച്ചിട്ടത് ബാധിക്കുന്നുണ്ട്. കേരളത്തിൽ ഏറ്റവും കൂടുതൽ കാർഗോ എത്തിയിരുന്നത് കൊച്ചിയിലായിരുന്നു. ഒാണം സീസണിൽ കാർഗോ സേവനം മുടങ്ങിയത് കമ്പനികൾക്ക് വലിയ തോതിൽ പ്രയാസം സൃഷ്ടിക്കുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.