വിശപ്പിെൻറ വിളി വന്നുതുടങ്ങി:ഉത്തരം നൽകി സന്നദ്ധ സംഘടനകൾ
text_fieldsകുവൈത്ത് സിറ്റി: ജോലിയും വരുമാനവുമില്ലാതെ ആയിരങ്ങൾ ദിവസങ്ങളായി വീട്ടിലിരിക്കുേമ്പാൾ പല ഭാഗത്തുനിന്നും ഭക്ഷണം ആവശ്യപ്പെട്ടുള്ള വിളി വന്നുതുടങ്ങി. കോവിഡ് പ്രതിരോധഭാഗമായി കഴിഞ്ഞ മാസം തുടക്കത്തിലാണ് കുവൈത്ത് കടകൾ അടച്ചിടാനും വീട്ടിലിരിക്കാനും ആവശ്യപ്പെട്ടത്. ഇതിനകം ഭൂരിഭാഗം പേരും വാടക നൽകുകയും നാട്ടിൽ പൈസ അയക്കുകയും ചെയ്തിരുന്നു. ബാക്കിയുള്ള നീക്കിയിരിപ്പും കടം വാങ്ങിയതുമെല്ലാം ചേർത്ത് ഒരുമാസം തള്ളിനീക്കി.വാണിജ്യനിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഒരുമാസമാവുേമ്പാൾ നിരവധി പ്രവാസികളുടെ കൈവശം പണമില്ല. നിയന്ത്രണങ്ങളോടെ പ്രവർത്തിക്കുന്ന റസ്റ്റാറൻറുകൾ ജീവനക്കാരെ വെട്ടിക്കുറക്കുയോ നിർബന്ധിത അവധി എടുപ്പിക്കുകയോ ചെയ്യുന്നു. സ്കൂളുകൾ അടച്ചതിനാൽ അധ്യാപകർ ഉൾപ്പെടെയുള്ളവർ പ്രതിസന്ധിയിലാണ്. ഭക്ഷ്യവസ്തുക്കൾ ഒഴികെ വിൽക്കുന്ന കടകൾ തുറക്കാൻ അനുമതിയില്ല. ബാർബർഷോപ്പുകളും ഫാൻസി, ഫേബ്രിക് ഷോപ്പുകളും മൊബൈൽ ഫോൺ കടകളുമെല്ലാം അടച്ചിട്ടിരിക്കുകയാണ്.
കഴിഞ്ഞയാഴ്ച ടാക്സി ഒാട്ടവും നിലച്ചു. ദിവസ വേതനത്തിന് ജോലിയെടുക്കുന്ന തയ്യൽക്കാർ ഉൾപ്പെടെയുള്ളവർ വീട്ടിലിരിപ്പാണ്. കുറച്ച് അരിയും ഉപ്പും മാത്രം ബാക്കിയുണ്ടായിരുന്നത് വെച്ച് കഞ്ഞി കുടിച്ച് ദിവസങ്ങൾ കഴിച്ചിരുന്ന ഒരുകൂട്ടം മലയാളി സ്ത്രീകൾ അതും തീർന്നതോടെ കഴിഞ്ഞ ദിവസം ഖൈത്താനിൽനിന്ന് മലയാളി സംഘടനയെ ബന്ധപ്പെട്ടു. സാധനങ്ങൾ എത്തിച്ചുനൽകിയപ്പോൾ മൊബൈൽ ഫോണിൽ അയച്ചുനൽകിയ നന്ദിവാക്കുകളിലുണ്ട് കഷ്ടപ്പാടിെൻറ ആഴം.നിസ്സാര വിലക്ക് ലഭിക്കുന്ന കുബ്ബൂസ് വാങ്ങി പച്ചവെള്ളം കൂട്ടി ഒന്നോ രണ്ടോ നേരം വിശപ്പടക്കുന്നവർ നിരവധിയാണ്. സന്നദ്ധ സംഘടനകൾ വാനിലും ട്രക്കുകളിലും എത്തിച്ചുനൽകുന്ന ഭക്ഷണപ്പൊതി വാങ്ങാനെത്തുന്നവരുടെ വരിക്ക് നീളമേറെയാണ്. കഴിഞ്ഞ ദിവസം ജലീബിൽ അബ്റാർ എന്ന സന്നദ്ധസംഘടന ഭക്ഷണം വിതരണം ചെയ്യുന്നിടത്ത് ആളുകൂടി ഒടുവിൽ പൊലീസിന് ആട്ടിപ്പായിക്കേണ്ടിവന്നു.
കുവൈത്ത് റെഡ് ക്രെസൻറ് സൊസൈറ്റി ദിവസവും പതിനായിരക്കണക്കിന് ഭക്ഷണപ്പൊതികളാണ് വിതരണം ചെയ്യുന്നത്. അൽ നജാത്ത് ചാരിറ്റബ്ൾ സൊസൈറ്റിയും ഭക്ഷ്യവസ്തുക്കളുടെ കിറ്റ് തയാറാക്കി ആവശ്യക്കാർക്ക് എത്തിക്കുന്നു. പുറത്തിറങ്ങുന്നതിന് നിയന്ത്രണമുള്ളതിനാൽ മലയാളി സംഘടനകൾ വലിയതോതിലുള്ള സംഘടിത പ്രവർത്തനം തുടങ്ങിയിട്ടില്ല. അതേസമയം, ഫോണിൽ വരുന്ന ഒറ്റപ്പെട്ട വിളികൾക്ക് ഉത്തരംനൽകി സാധനങ്ങൾ എത്തിക്കുന്നുണ്ട്. വരുംദിവസങ്ങളിൽ പ്രതിസന്ധി രൂക്ഷമാകാനിടയുള്ളത് മുന്നിൽകണ്ട് നേരിട്ട് ഇടപെടുന്നതിന് പ്രവാസി സംഘടനകൾ മുന്നൊരുക്കം നടത്തുന്നുണ്ട്. നാടിനെ സമൃദ്ധമായി തീറ്റിപ്പോറ്റിയ പ്രവാസികൾ ഒരുനേരത്തെ ഭക്ഷണത്തിനായി വരിനിൽക്കുന്ന കാഴ്ച കണ്ണുനനയിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.