കുവൈത്തിൽ കോവിഡ് വാക്സിൻ വിദേശികൾക്കും സൗജന്യം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ വിദേശികൾ ഉൾപ്പെടെ മുഴുവൻ രാജ്യനിവാസികൾക്കും കോവിഡ് വാക്സിൻ സൗജന്യമായി നൽകും. അതേസമയം, ലഭ്യമാവുന്ന ആദ്യ ഡോസുകളിൽ സ്വദേശികൾക്ക് മുൻഗണനയുണ്ടാവും. ആരോഗ്യപ്രവർത്തകർ, പ്രായമായവർ, മാറാരോഗികൾ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ മുൻനിരയിലുള്ളവർ, ഭിന്നശേഷിക്കാർ എന്നിവരെയും മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കുട്ടികൾക്ക് വാക്സിൻ നൽകില്ല.
വാക്സിൻ എടുക്കുന്നതിന് ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ ആരെയും നിർബന്ധിക്കില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. 10 ലക്ഷം ഡോസ് ഫൈസർ വാക്സിൻ, 10,70,000 ഡോസ് മോഡേണ വാക്സിൻ, 30 ലക്ഷം ഡോസ് ഒാക്സ്ഫോഡ് -ആസ്ട്രസെനിക്ക വാക്സിൻ എന്നിങ്ങനെ ഇറക്കുമതി ചെയ്യാനാണ് അധികൃതർ തീരുമാനിച്ചിട്ടുള്ളത്. ക്ലിനിക്കൽ പരിശോധന നടത്തി ആഗോളതലത്തിലും തദ്ദേശീയ വകുപ്പുകളും അംഗീകരിച്ചതിന് ശേഷമേ ഇറക്കുമതി ചെയ്യൂ.
രാജ്യത്ത് കോവിഡ് ചികിത്സയും വിദേശികൾക്കും സൗജന്യമായി ലഭിക്കുന്നുണ്ട്. ഡിസംബർ അവസാനം മുതൽ കുവൈത്തിലേക്ക് വാക്സിൻ ഇറക്കുമതി ചെയ്യും. ആദ്യം വാക്സിൻ സ്വീകരിക്കുക ആരോഗ്യമന്ത്രി ഡോ. ബാസിൽ അസ്സബാഹാണ്. ലോകാരോഗ്യ സംഘടനയുമായും വാക്സിൻ പരീക്ഷണം നടത്തുന്ന വിവിധ കമ്പനികളുമായും കുവൈത്ത് ആരോഗ്യ മന്ത്രാലയം ആശയവിനിമയം നടത്തുന്നു. വാക്സിൻ എത്തിയാൽ വിതരണത്തിന് കുവൈത്ത് അധികൃതർ തയാറെടുപ്പ് ആരംഭിച്ചിട്ടുണ്ട്. വിവിധ റെസിഡൻഷ്യൽ ഏരിയകളിലെ ജനസംഖ്യ സംബന്ധിയായ ഏറ്റവും പുതിയ വിവരങ്ങൾ ആരോഗ്യ മന്ത്രാലയം സിവിൽ ഇൻഫർമേഷൻ പബ്ലിക് അതോറിറ്റിയിൽനിന്ന് ശേഖരിക്കുന്നു.
താമസക്കാരുടെ പ്രായം, പൗരത്വം എന്നിവ അടിസ്ഥാനമാക്കി പട്ടിക തയാറാക്കുന്ന നടപടികളാണ് സിവിൽ ഇൻഫർമേഷൻ അതോറിറ്റിയുടെ സഹകരണത്തോടെ നടന്നുവരുന്നത്. ആരോഗ്യമന്ത്രി അധ്യക്ഷനായ പ്രത്യേക സമിതിക്കാണ് വാക്സിൻ ഇറക്കുമതി, സംഭരണം, വിതരണം തുടങ്ങിയ നടപടികളുടെ മേൽനോട്ട ചുമതല. മൈനസ് 70 ഡിഗ്രി സെൽഷ്യസ് താപനിലയുള്ള ശീതീകരണ സംവിധാനം ഉൾപ്പെടെ സജ്ജീകരണങ്ങൾ ഒരുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.