ബുധനാഴ്ച കോഴിക്കോട്, കണ്ണൂർ വൈകി; വൈകി വന്നു, വൈകി പോയി എയർ ഇന്ത്യ
text_fieldsകുവൈത്ത് സിറ്റി: ബുധനാഴ്ച കുവൈത്തിൽ നിന്നുള്ള എയർഇന്ത്യ എക്സ്പ്രസ് മൊത്തം താളം തെറ്റി. കോഴിക്കോട്, കണ്ണൂർ സെക്ടറിൽ വിമാനങ്ങൾ മണിക്കൂറുകൾ വൈകി. ബുധനാഴ്ച കോഴിക്കോടുനിന്ന് രാവിലെ ഒമ്പതിന് പുറപ്പെടേണ്ട വിമാനം ഉച്ചകഴിഞ്ഞ് ഒരു മണിക്കാണ് പുറപ്പെട്ടത്. 11.40ന് കുവൈത്തിൽ എത്തേണ്ട വിമാനം വൈകീട്ട് നാലോടയാണ് എത്തിയത്. ഇതോടെ കുവൈത്തിൽ നിന്ന് കോഴിക്കോട്ടേക്കുള്ള വിമാനവും വൈകി. 12.40ന് കുവൈത്തിൽ നിന്ന് പുറപ്പെടേണ്ട വിമാനം മണിക്കൂറുകൾ വൈകി വൈകീട്ട് 4.40നാണ് പുറപ്പെട്ടത്. പുലർച്ചെ 12 മണിയോടെയാണ് വിമാനം കോഴിക്കോട്ടെത്തിയത്.
കണ്ണൂർ-കുവൈത്ത്, കുവൈത്ത്-കണ്ണൂർ വിമാനവും ബുധനാഴ്ച മണിക്കൂറുകൾ വൈകി. കണ്ണൂരിൽ നിന്ന് ബുധനാഴ്ച വൈകീട്ട് 3.45ന് പുറപ്പെടേണ്ട വിമാനം വ്യാഴാഴ്ച പുലർച്ചെ രണ്ടിന് പുറപ്പെടുമെന്നാണ് എയർഇന്ത്യയുടെ അറിയിപ്പ്. കുവൈത്തിൽ നിന്ന് കണ്ണൂരിലേക്ക് ബുധനാഴ്ച വൈകീട്ട് 7.25നുള്ള വിമാനം വ്യാഴാഴ്ച പുലർച്ചെ 5.40നാണ് പുറപ്പെടുക എന്നും അധികൃതർ അറിയിച്ചു. കഴിഞ്ഞ ബുധൻ, വ്യാഴം ദിവസങ്ങളിലായി എയർഇന്ത്യ ജീവനക്കാർ നടത്തിയ സമരം കുവൈത്ത് യാത്രക്കാരെ വലിയ രീതിയിൽ ബാധിച്ചിരുന്നു. ബുധൻ, വെള്ളി ദിവസങ്ങളിൽ കോഴിക്കോട്ടേക്കും ബുധനാഴ്ച കണ്ണൂരിലേക്കുമുള്ള സർവിസുകളും മുടങ്ങി. മറ്റു വിമാനങ്ങളെ ആശ്രയിച്ചാണ് പലരും നാട്ടിലെത്തിയത്. സമരം അവസാനിച്ചെന്നു കരുതി യാത്രക്ക് ഒരുങ്ങിയവരെയാണ് ബുധനാഴ്ച എയർഇന്ത്യ വീണ്ടും വട്ടംകറക്കിയത്.
യാത്രക്കാർക്ക് നിയമ സഹായം ലഭ്യമാക്കും -പ്രവാസി ലീഗൽ സെൽ
കുവൈത്ത് സിറ്റി: എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കേണ്ടി വന്നതിൽ യാത്രക്കാർക്ക് നഷ്ടപരിഹാരം അടക്കമുള്ളവ ലഭ്യമാക്കുന്നതിനായി നിയമ സഹായം നൽകുമെന്ന് പ്രവാസി ലീഗൽ സെൽ. ഇതിനായുള്ള സംവിധാനങ്ങൾ ഒരുക്കിയതായി പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് അബ്രഹാം, ഗ്ലോബൽ പി.ആർ ഒ ആൻഡ് ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റ് സുധീർ തിരുനിലത്ത്, കുവൈത്ത് ചാപ്റ്റർ പ്രസിഡന്റ് ബിജു സ്റ്റീഫൻ, ജനറൽ സെക്രട്ടറി ഷൈജിത്ത് എന്നിവർ അറിയിച്ചു.
പ്രവാസികൾക്കും മറ്റു യാത്രക്കാർക്കും ഏറെ പ്രയാസങ്ങൾ സൃഷ്ടിക്കുന്നതാണ് വിമാനം റദ്ദാക്കൽ. ഇത്തരം പ്രവണതകൾ ഒഴിവാക്കാനാവശ്യമായ നടപടിക്രമങ്ങൾ സർക്കാറിന്റെയും എയർലൈനുകളുടെയും ഭാഗത്ത് നിന്നുണ്ടാവണമെന്നും ആവശ്യപ്പെട്ടു. പ്രവാസികളുടെ യാത്ര സംബന്ധമായ നിരവധി വിഷയങ്ങളിൽ നിയമ പോരാട്ടം നടത്തി വിജയിച്ച സന്നദ്ധസംഘടനയാണ് ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രവാസി ലീഗൽ സെൽ. നിയമ സഹായം ആവശ്യമുള്ളവർ Pravasilegalcell@gmail.com എന്ന ഇമെയിൽ വിലാസത്തിലും കുവൈത്ത് പ്രവാസികൾക്ക് നേരിട്ടും ബന്ധപ്പെടാവുന്നതാണെന്ന് പ്രവാസി ലീഗൽ സെൽ കുവൈത്ത് ചാപ്റ്റർ ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.