13 രാജ്യങ്ങളിൽ കെ.ആർ.സി.എസ് സഹായം, 40 രാജ്യങ്ങളില്‍ ഇഫ്താർ
text_fieldsകുവൈത്ത് സിറ്റി: റമദാനിൽ കുവൈത്തിലെ വിവിധ സംഘടനകൾ ലോക വ്യാപകമായി സഹായങ്ങൾ എത്തിക്കും.
കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്) ലോകമെമ്പാടുമുള്ള 13 രാജ്യങ്ങളിൽ റമദാൻ മാസത്തോടനുബന്ധിച്ച് വാർഷിക കാമ്പയിൻ (റമദാൻ അൽ ഖൈർ) ആരംഭിക്കുമെന്ന് സംഘടന അറിയിച്ചു. ഇഫ്താർ, ഭക്ഷണം, വിഭവങ്ങളുടെ വിതരണം എന്നിവ ഇതിന്റെ ഭാഗമായി നടപ്പാക്കും. നോമ്പുകാരായ പാവപ്പെട്ടവരുടെ ആവശ്യങ്ങൾ നിറവേറ്റുകയാണ് കാമ്പയിനിന്റെ പ്രധാന ലക്ഷ്യം. ഈ വർഷത്തെ റമദാൻ പദ്ധതികളിൽ ആഫ്രിക്ക, ഏഷ്യ, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലെ 13 വ്യത്യസ്ത രാജ്യങ്ങൾ ഉൾപ്പെടുന്നതായി കെ.ആർ.സി.എസ് ചെയർപേഴ്സൻ ഡോ. ഹിലാൽ അൽ സെയർ പറഞ്ഞു.
ദാന ധർമങ്ങൾ നൽകൽ, പ്രോത്സാഹിപ്പിക്കൽ എന്നിവയും കാമ്പയിൻ ലക്ഷ്യമിടുന്നു, പ്രത്യേകിച്ച് റമദാൻ മാസത്തിൽ. എല്ലാ ആവശ്യക്കാർക്കും മികച്ച സേവനങ്ങൾ നൽകാൻ കെ.ആർ.സി.എസ് ശ്രമിക്കുന്നതായും അൽ സയർ ചൂണ്ടിക്കാട്ടി.
ലോകമെമ്പാടുമുള്ള ദരിദ്ര കുടുംബങ്ങളെ സഹായിക്കുന്നതിനുള്ള കുവൈത്ത് രാഷ്ട്രീയ നേതൃത്വത്തിന്റെ നിർദേശങ്ങൾക്കനുസരിച്ചാണ് കെ.ആർ.സി.എസ് പ്രവർത്തനം. കുവൈത്തിന്റെ മാനുഷിക തത്ത്വങ്ങളും സഹായ സന്നദ്ധതയും കെ.ആർ.സി.എസ് പിന്തുടരുന്നു.
4,25,000 കിറ്റുകൾ വിതരണം ചെയ്യും
കുവൈത്ത് ഇസ് ലാമിക് ഹെറിറ്റേജ് റിവൈവൽ സൊസൈറ്റി 40 രാജ്യങ്ങളില്‍ ഇഫ്താർ സംഘടിപ്പിക്കും. ഇതിനായുള്ള സംഭാവനകള്‍ സ്വീകരിച്ച് തുടങ്ങിയതായി സൊസൈറ്റി അധികൃതര്‍ അറിയിച്ചു. കുവൈത്തില്‍ 50,000 കിറ്റുകളും മറ്റ് രാജ്യങ്ങളിലായി 3,75,000 കിറ്റുകളുമാണ് വിതരണം ചെയ്യുക. ഒരു കിറ്റിന് ഒരു ദീനാറാണ് ചെലവ് വരുകയെന്ന് ഹെറിറ്റേജ് റിവൈവൽ സൊസൈറ്റി അധികൃതര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.