റമദാനിൽ ഗസ്സക്ക് ആശ്വാസമായി കെ.ആർ.സി.എസ് ഭക്ഷണ വിതരണം
text_fieldsകുവൈത്ത് സിറ്റി: ഇസ്രായേൽ ആക്രമണം മൂലം ദുരിതപൂർണമായ സാഹചര്യങ്ങളിൽ നോമ്പെടുക്കുന്ന ഫലസ്തീനികൾക്ക് ആശ്വാസവുമായി കുവൈത്ത് റെഡ് ക്രസൻറ് സൊസൈറ്റി (കെ.ആർ.സി.എസ്). ഗസ്സയിൽനിന്ന് കുടിയിറക്കപ്പെട്ടവർക്കായി കെ.ആർ.സി.എസ് ഇഫ്താർ ഭക്ഷണവിതരണപദ്ധതി ആരംഭിച്ചു. ആദ്യഘട്ടമെന്ന നിലയിൽ ദെയർ അൽ ബലാഹ്, ഖാൻ യൂനിസ്, തെക്കൻ റഫ എന്നിവിടങ്ങളിൽ 30,000 ഭക്ഷണക്കിറ്റുകളാണ് വിതരണം ചെയ്തത്.
ഉപരോധത്തിന്റെ ഭാഗമായി ഇസ്രായേൽ ഗസ്സയിലേക്ക് ഭക്ഷണവും സഹായങ്ങളും എത്തിക്കുന്നതിൽ തടസ്സം സൃഷ്ടിക്കുന്നുണ്ട്. ആക്രമണവും നാശനഷ്ടങ്ങളും കാരണം മേഖലയിൽ അവശ്യവസ്തു ക്ഷാമവുമുണ്ട്. ഇതിന് ആശ്വാസമായാണ് ഭക്ഷണവിതരണമെന്ന് ഫലസ്തീൻ വഫാ കപ്പാസിറ്റി ബിൽഡിങ് ആൻഡ് മൈക്രോഫിനാൻസ് ഫൗണ്ടേഷൻ ഡയറക്ടർ ജനറൽ മുഹൈസൻ അൽ അതാവ്ന പറഞ്ഞു.
കെ.ആർ.സി.എസിന്റെ നേതൃത്വത്തിൽ റമദാനിൽ ഫലസ്തീൻ കുടുംബങ്ങൾക്ക് നൽകിയ സംഭാവനകൾക്കും ഭക്ഷണത്തിനും കുവൈത്ത് അമീർ, സർക്കാർ, ജനങ്ങൾ, ചാരിറ്റി സംഘടനകൾ എന്നിവരോട് അദ്ദേഹം നന്ദി അറിയിച്ചു.
ഒക്ടോബറിൽ ഇസ്രായേൽ ആക്രമണം ആരംഭിച്ചതു മുതൽ ഫലസ്തീനിലേക്ക് കെ.ആർ.സി.എസ് തുടർച്ചയായി സഹായങ്ങളെത്തിക്കുന്നുണ്ട്. മെഡിക്കൽ ടീമുകളും ഗസ്സയിൽ എത്തിയിരുന്നു. ഫലസ്തീന് ആശ്വാസമായി ഭക്ഷണവും മരുന്നുകളും മറ്റു വസ്തുക്കളുമായി കുവൈത്ത് ഇതിനകം 49 ദുരിതാശ്വാസ വിമാനങ്ങളും അയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.