ഗസ്സക്ക് ആശ്വാസവുമായി കെ.ആർ.സി.എസ് ഫീൽഡ് ഹോസ്പിറ്റൽ
text_fieldsകുവൈത്ത് സിറ്റി: ഗസ്സയിൽ പരിക്കേൽക്കുന്നവരുടെയും മറ്റു അടിയന്തര ചികിത്സ ആവശ്യമുള്ളവരുടെയും എണ്ണം കൂടുമ്പോഴും പൂർണ സേവനം നൽകാനാകാത്തതിന്റെ നിസ്സഹായതയിൽ ഗസ്സയിലെ കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്) ഫീൽഡ് ഹോസ്പിറ്റൽ. ഇസ്രായേൽ സേനയുടെ നിരന്തര ആക്രമണത്തെ തുടർന്ന് ഹോസ്പിറ്റൽ പ്രവർത്തനം നിർത്തിവെച്ചിരുന്നു. എങ്കിലും നിരവധി പേർക്ക് ചികിത്സ നൽകിവരുന്നുണ്ട്.
ഇസ്രായേൽ ആശുപത്രികളെയും ആരോഗ്യ സംവിധാനങ്ങളെയും ലക്ഷ്യം വെക്കുന്നതിനാൽ ഗസ്സയിലെ മിക്ക ആശുപത്രികളും പ്രവർത്തനരഹിതമാണെന്നും കെ.ആർ.സി.എസ് ഫീൽഡ് ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോ. അൻവർ അൽ ഘറ പറഞ്ഞു. സാമഗ്രികൾ, മരുന്നുകൾ, മെഡിക്കൽ, ആരോഗ്യ വിതരണങ്ങൾ എന്നിവയുടെ കടുത്ത ക്ഷാമം ഗസ്സയിലെ ജനങ്ങൾ നേരിടുന്നുണ്ട്.
ദുഷ്കരമായ ഈ സാഹചര്യത്തിൽ ഫീൽഡ് ഹോസ്പിറ്റലിന്റെ സേവനം ഗുണം ചെയ്യുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഫലസ്തീനികളുടെ കഷ്ടപ്പാടുകൾ ലഘൂകരിക്കുന്നതിൽ സഹായിച്ചതിന് കുവൈത്ത് അമീറിനും സർക്കാറിനും ജനങ്ങൾക്കും അദ്ദേഹം നന്ദിയും അഭിനന്ദനവും അറിയിച്ചു.
ഗസ്സയിലെ ഏറ്റവും മികച്ച ഫീൽഡ് ഹോസ്പിറ്റലാണ് കെ.ആർ.സി.എസ് ഹോസ്പിറ്റലെന്ന് ഫലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റി ഹെൽത്ത് പ്രോഗ്രാം ഡയറക്ടർ ഡോ. ബഷർ മുറാദ് പറഞ്ഞു. നവജാത ശിശുക്കൾക്കുള്ള ഇൻകുബേറ്ററുകൾ, റേഡിയോളജി യൂനിറ്റ്, ഫാർമസി, മെഡിക്കൽ അനാലിസിസ് ലബോറട്ടറി, ഓപ്പറേറ്റിങ്, ഇന്റൻസീവ് കെയർ റൂമുകൾ ഉൾപ്പടെയുള്ള ഏറ്റവും പുതിയ മെഡിക്കൽ ഉപകരണങ്ങളുമായാണ് കെ.ആർ.സി.എസ് ഫീൽഡ് ഹോസ്പിറ്റൽ സ്ഥാപിച്ചത്. 750 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് ഹോസ്പിറ്റൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.