അർമീനിയയിൽ കുടിയിറക്കപ്പെട്ടവർക്ക് കെ.ആർ.സി.എസ് സഹായം
text_fieldsകുവൈത്ത് സിറ്റി: വടക്കൻ അർമീനിയയിലെ സെവൻ നഗരത്തിൽ നിരവധി പേർക്ക് കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്) ദുരിതാശ്വാസ സഹായം എത്തിച്ചു. ദുരിതമനുഭവിക്കുന്നവരും കുടിയിറക്കപ്പെട്ടവരുമായ 400 ഓളം കുടുംബങ്ങൾക്ക് സഹായമെത്തിച്ചതായി ഫീൽഡ് ടീം തലവൻ ഖാലിദ് അൽ മുതൈരി പറഞ്ഞു. അഞ്ച് പേരടങ്ങുന്ന ഒരു കുടുംബത്തിന് ഒരു മാസത്തേക്ക് ആവശ്യമായ ഭക്ഷണപ്പൊതികൾ, പുതപ്പുകൾ, ഹീറ്ററുകൾ, ശുചീകരണ സാമഗ്രികൾ എന്നിവ കൈമാറി. അർമീനിയൻ റെഡ് ക്രോസുമായി സഹകരിച്ച് കൂടുതൽ പ്രദേശങ്ങളിൽ മാനുഷിക സഹായം എത്തിക്കാനുള്ള കെ.ആർ.സി.എസിന്റെ താൽപര്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. നൂറുകണക്കിന് ദരിദ്രരുടെയും കുടിയിറക്കപ്പെട്ടവരുടെയും കഷ്ടപ്പാടുകൾ ലഘൂകരിക്കുന്നതിന് ഇവ സഹായിക്കുമെന്ന് അൽ മുതൈരി പ്രത്യാശ പ്രകടിപ്പിച്ചു. അർമീനിയയിലെ വിവിധ പ്രദേശങ്ങളിൽ ദുരിതമനുഭവിക്കുന്ന 1500ലധികം ആളുകളെ സഹായിക്കുന്നതിനായി കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി കഴിഞ്ഞ ശനിയാഴ്ച മാനുഷിക സഹായ കാമ്പയിന് തുടക്കമിട്ടിട്ടുണ്ട്.
അഫ്ഗാന് കെ.ആർ.സി.എസിന്റെ അര മില്യൺ ഡോളർ സംഭാവന
കുവൈത്ത് സിറ്റി: അഫ്ഗാൻ റെഡ് ക്രസന്റ് സൊസൈറ്റിക്ക് (എ.ആർ.സി.എസ്) കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റിയുടെ (കെ.ആർ.സി.എസ്) 500,000 യു.എസ് ഡോളർ സംഭാവന. ദോഹയിൽ എ.ആർ.സി.എസ് പങ്കാളികളുമായും മാനുഷിക സംഘടനകളുമായും നടത്തിയ കൂടിയാലോചന യോഗത്തിന് ശേഷം കെ.ആർ.സി.എസ് ഡെപ്യൂട്ടി ചെയർമാൻ അൻവർ അൽ ഹസാവിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്റർനാഷനൽ ഫെഡറേഷൻ ഓഫ് റെഡ് ക്രോസ് ആൻഡ് റെഡ് ക്രസന്റ് സൊസൈറ്റി (ഐ.എഫ്.ആർ.സി), ഇന്റർനാഷനൽ കമ്മിറ്റി ഓഫ് റെഡ് ക്രോസ് (ഐ.സി.ആർ.സി) എന്നിവയുടെ സഹായത്തോടെ ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി (ക്യു.ആർ.സി.എസ്) ആണ് യോഗം സംഘടിപ്പിച്ചത്. അഫ്ഗാനികളുടെ ആരോഗ്യം, ദുരിതാശ്വാസം, വിദ്യാഭ്യാസം എന്നിവക്ക് സഹായം ഉപയോഗപ്പെടുത്തും. അഫ്ഗാനിസ്താനിൽ യുദ്ധങ്ങൾ കാരണം 13,000 കുട്ടികൾ സെപ്റ്റൽ വൈകല്യവും മൂന്ന് ദശലക്ഷത്തിലധികം വിധവകൾ മറ്റു പ്രയാസങ്ങളും അനുഭവിക്കുന്നതായി എ.ആർ.സി.എസ് ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.