ലബനാനിലെ കുടുംബങ്ങൾക്ക് ആശ്വാസവുമായി കെ.ആർ.സി.എസ്
text_fieldsകെ.ആർ.സി.എസ് പ്രവർത്തകർ സഹായവിതരണത്തിൽ
കുവൈത്ത് സിറ്റി: ലബനാനിലെ ഇസ്രായേൽ അധിനിവേശ വ്യോമാക്രമണത്തിൽ ദുരിതം അനുഭവിക്കുന്നവർക്ക് മാനുഷിക സഹായവുമായി കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്). നാശനഷ്ടം സംഭവിച്ച പ്രദേശങ്ങളിൽനിന്ന് കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങൾക്ക് അടിയന്തരമായി കെ.ആർ.സി.എസ് മാനുഷിക സഹായങ്ങൾ വിതരണം ചെയ്തു.
ലബനീസ് റെഡ് ക്രോസിന്റെ സഹകരണത്തോടെയാണ് കെ.ആർ.സി.എസ് സഹായവിതരണം. 10,000 കുടിയിറക്കപ്പെട്ട കുടുംബങ്ങൾക്ക് ആവശ്യമായ ഭക്ഷണ സാധനങ്ങൾ, ശുചീകരണ സാമഗ്രികൾ, മെത്തകൾ, പുതപ്പുകൾ എന്നിവ വിതരണം ചെയ്തു. ഇസ്രായേൽ ആക്രമണത്തെത്തുടർന്ന് വൻതോതിലുള്ള കുടിയിറക്കിനെ തുടർന്നാണ് അടിയന്തര മാനുഷിക കാമ്പയിൻ ആരംഭിച്ചതെന്ന് ലബനീസ് റെഡ് ക്രോസ് റിലീഫ് കോഓഡിനേറ്റർ യൂസഫ് ബൂട്രോസ് പറഞ്ഞു.
വിവിധ പ്രദേശങ്ങളിലായി കുടിയിറക്കപ്പെട്ട കുടുംബങ്ങൾക്ക് അനുവദിച്ച അഭയകേന്ദ്രങ്ങളിലും സ്കൂളുകളിലും അടിയന്തര സഹായം എത്തിച്ചു. ലബനാനെ പിന്തുണക്കുന്നതിലും തുടരുന്ന സഹായത്തിനും കുവൈത്ത് സർക്കാറിനോടും ജനങ്ങളോടും ബൂട്രോസ് ആത്മാർഥ അഭിനന്ദനം അറിയിച്ചു. ഗസ്സയിലെ ആക്രമണം ആരംഭിച്ചതു മുതൽ കെ.ആർ.സി.എസ് ലബനാനിൽ സഹായം എത്തിക്കുകയും ദുരിതാശ്വാസ പദ്ധതികൾ നടപ്പാക്കിവരുകയും ചെയ്യുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.