കെ.ആർ.സി.എസ് സഹായവസ്തുക്കൾ ഗസ്സയിലെത്തി
text_fieldsകുവൈത്ത് സിറ്റി: ഫലസ്തീനികൾക്ക് ആശ്വാസമായി കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്) അയച്ച സഹായവസ്തുക്കളിൽ മൂന്നാമത്തെയും നാലാമത്തെയും ബാച്ചുകൾ ഗസ്സയിൽ എത്തി. വൈകാതെ തെക്കൻ ഗസ്സയിലെ ആശുപത്രികളിലേക്ക് സാധനങ്ങൾ വിതരണം ചെയ്യുമെന്ന് കെ.ആർ.സി.എസുമായി അഫിലിയേറ്റ് ചെയ്ത ഗസ്സയിൽ പ്രവർത്തിക്കുന്ന ഫലസ്തീൻ സന്നദ്ധ സംഘങ്ങളുടെ തലവൻ അഹ്മദ് അബു ദിയെഹ് പറഞ്ഞു. ഇസ്രായേലി ബോംബാക്രമണം കാരണം വടക്കൻ ഗസ്സയിലേക്ക് മെഡിക്കൽ സഹായവസ്തുക്കൾ അയക്കുന്നതിൽ ബുദ്ധിമുട്ടുകൾ ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കനത്ത ബോംബാക്രമണം നടന്ന ഗസ്സ നിവാസികൾക്ക് അടിയന്തരമായി വേണ്ട മരുന്നും ആരോഗ്യ സംവിധാനങ്ങളും അയച്ച കുവൈത്തിന്റെ പെട്ടെന്നുള്ള പ്രതികരണത്തെ ഗസ്സ ഹെൽത്ത് അതോറിറ്റിയുടെ സംഭരണ വിഭാഗം മേധാവി ഡോ. മുഹമ്മദ് ഹമദ് അഭിനന്ദിച്ചു. ഗസ്സയിലേക്ക് മെഡിക്കൽ സാമഗ്രികളും ഭക്ഷണസാധനങ്ങളും ആംബുലൻസുകളുമായി കുവൈത്തിൽനിന്ന് ദിവസവും വിമാനങ്ങൾ പുറപ്പെടുന്നുണ്ട്. കുവൈത്ത് അയച്ച ആദ്യ സഹായങ്ങൾ ദിവസങ്ങൾക്കു മുമ്പ് ഗസ്സയിൽ എത്തിയിരുന്നു. ഈജിപ്ത് അതിർത്തി വഴിയാണ് കുവൈത്ത് ഗസ്സയിലേക്ക് സഹായം എത്തിക്കുന്നത്. എന്നാൽ അതിർത്തികൾ പൂർണമായി തുറക്കാത്തതും ഗതാഗത സംവിധാനം തകർന്നതും ഗസ്സയിലേക്ക് സഹായം എത്തുന്നത് വൈകാൻ കാരണമാകുന്നുണ്ട്. ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ഉണ്ടായ ഗസ്സയിൽ മരുന്നിന്റെയും ഭക്ഷണത്തിന്റെയും കുറവ് രൂക്ഷമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.