കുടിവെള്ളം, ആരോഗ്യ കേന്ദ്രങ്ങൾ എന്നിവക്ക് സഹായവുമായി കെ.എസ്.ആർ
text_fieldsകുവൈത്ത് സിറ്റി: സുസ്ഥിര വികസന പദ്ധതികൾ നടപ്പിലാക്കുന്നതിനായി കുവൈത്ത് സൊസൈറ്റി ഫോർ റിലീഫ് (കെ.എസ്.ആർ) യുനൈറ്റഡ് നേഷൻസ് ചിൽഡ്രൻസ് ഫണ്ട് (യുനിസെഫ്), അഫ്ഗാനിസ്ഥാൻ ഹ്യൂമാനിറ്റേറിയൻ ട്രസ്റ്റ് ഫണ്ട് (എ.എച്ച്.ടി.എഫ്) എന്നിവയുമായി പങ്കാളിത്ത കരാറുകളിൽ ഒപ്പുവെച്ചു. യുനിസെഫുമായുള്ള കരാർ പ്രകാരം വിദൂര പ്രദേശങ്ങളിലെ ഗ്രാമീണ സമൂഹങ്ങൾക്ക് പ്രയോജനപ്പെടുന്ന ജല പദ്ധതി നടപ്പിലാക്കുമെന്ന് കെ.എസ്.ആർ ട്രഷറർ ജമാൽ അൽ നൂരി പറഞ്ഞു.
നാല് മില്യൺ യു.എസ് ഡോളർ ചെലവ് വരുന്ന ഈ പദ്ധതി 12 മാസത്തിനുള്ളിൽ പൂർത്തീകരിക്കും. ഫരിയാബ്, ഹെൽമണ്ട്, ഫറാ പ്രവിശ്യകളിലെ 64,000 ത്തോളം ആളുകൾക്ക് സുരക്ഷിതമായ വെള്ളം ഇതുവഴി ലഭ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പദ്ധതിയിലേക്ക് കെ.എസ്.ആർ ഒരു മില്യൺ യു.എസ് ഡോളർ സംഭാവന ചെയ്യും. നൂരിസ്ഥാൻ, ഗസ്നി, സാബുൾ പ്രവിശ്യകളിലെ ദുർബല സമൂഹങ്ങളിലെ സ്ത്രീകൾക്ക് ആരോഗ്യ സംരക്ഷണം നൽകുന്ന എട്ട് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ ആരംഭിക്കുന്നതാണ് മറ്റൊരു കരാർ. പദ്ധതിക്ക് നാല് മില്യൺ യു.എസ് ഡോളർ വരെ ചിലവാകും. ഇതിലേക്ക് കെ.എസ്.ആർ ഒരു മില്യൺ യു.എസ് ഡോളർ സംഭാവന ചെയ്യും. 24 മാസത്തിനുള്ളിൽ പൂർത്തിയാക്കുന്ന പദ്ധതി മേഖലയിലെ ഏകദേശം എട്ട് ശതമാനം സ്ത്രീകൾക്ക് പ്രയോജനം ചെയ്യും.
അഫ്ഗാനിസ്ഥാൻ ഹ്യൂമാനിറ്റേറിയൻ ട്രസ്റ്റ് ഫണ്ടിന് 500,000 യു.എസ് ഡോളർ വാഗ്ദാനം ചെയ്തതായി ജിദ്ദയിലെ കുവൈത്ത് കോൺസൽ ജനറലും ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപ്പറേഷന്റെ സ്ഥിരം പ്രതിനിധിയുമായ മുഹമ്മദ് അൽ മുതൈരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.