പ്രധാനമന്ത്രിക്കെതിരായ കുറ്റവിചാരണ വോെട്ടടുപ്പില്ലാതെ അവസാനിച്ചു
text_fieldsകുവൈത്ത് സിറ്റി: പ്രധാനമന്ത്രിക്കെതിരെയുള്ള കുറ്റവിചാരണ വോട്ടെടുപ്പില്ലാതെ അവസാനിപ്പിച്ചു. പ്രതിപക്ഷത്തെ മൂന്നു എംപിമാർ ചേർന്ന് സമർപ്പിച്ച കുറ്റവിചാരണ പ്രമേയത്തെ അധികരിച്ച് കഴിഞ്ഞദിവസം നടന്ന രഹസ്യ ചർച്ചക്കൊടുവിൽ അവിശ്വാസ വോട്ടിലേക്ക് നീങ്ങാനാവശ്യമായ പിന്തുണയില്ലാത്തതിനാൽ പ്രധാനമന്ത്രി കുറ്റവിചാരണ അതിജീവിച്ചതായി സ്പീക്കർ പ്രഖ്യാപിക്കുകയായിരുന്നു.
ബുധൻ, വ്യാഴം ദിവസങ്ങളിൽ നാഷനൽ അസംബ്ലിയിലെ അബ്ദുല്ല സാലിം ഹാളിൽ നടന്ന മാരത്തൺ ചർച്ചകൾക്കൊടുവിലാണ് പ്രധാനമന്ത്രി ശൈഖ് ജാബിർ മുബാറക് അസ്സബാഹ്, പാർപ്പിട കാര്യമന്ത്രി യാസിർ അബുൽ എന്നിവർക്കെതിരെയുള്ള കുറ്റവിചാരണയിൽ തീരുമാനമായത്.
പ്രധാനമന്ത്രിക്കെതിരെ പ്രതിപക്ഷ എംപിമാരായ ഡോ. വലീദ് അൽ തബ്തബാഇ, മുഹമ്മദ് അൽ മുതൈർ, ശുഐബ് അൽ മൂവൈസരി എന്നിവർ സമർപ്പിച്ച കുറ്റവിചാരണപ്രമേയത്തിൽ ബുധനാഴ്ച രാവിലെ ഒമ്പതിനാണ് ചർച്ച ആരംഭിച്ചത്. ദേശസുരക്ഷയുമായി ബന്ധപ്പെട്ട തന്ത്രപ്രധാന വിഷയങ്ങൾ പ്രധാനമന്ത്രിക്കെതിരെയുള്ള കുറ്റവിചാരണയിൽ വിഷയമാകുമെന്നതിനാൽ ചർച്ച രഹസ്യമായി നടത്തണമെന്ന സർക്കാർ നിർദേശം സ്പീക്കർ അംഗീകരിക്കുകയും അബ്ദുല്ല സാലിം ഹാളിൽ നിന്ന് മാധ്യമപ്രവർത്തകരെയും സന്ദർശകരെയും ഒഴിപ്പിക്കുകയും ചെയ്തിരുന്നു.
പ്രധാനമന്ത്രിക്കെതിരെ നടന്ന കുറ്റവിചാരണ അവിശ്വാസ വോട്ടെടുപ്പിലേക്കു നീങ്ങുന്നതിനാവശ്യമായ എം.പിമാരുടെ പിന്തുണ ഉണ്ടായിരുന്നില്ല. ഇതുമൂലം വോട്ടെടുപ്പില്ലാതെ ചർച്ച അവസാനിപ്പിക്കുകയായിരുന്നു. ചർച്ച രഹസ്യമായി നടത്തിയതാണ് കുറ്റവിചാരണ നീക്കം പരാജയപ്പെടാൻ കാരണമെന്ന് പ്രതിപക്ഷം ആരോപിച്ചു.
കുറ്റവിചാരണ അതിജീവിച്ച പ്രധാനമന്ത്രിയെ അമീർ ശൈഖ് സബാഹ് അൽ അഹമ്മദ് അസ്സബാഹ്, കിരീടാവകാശി ശൈഖ് നവാഫ് അൽ ജാബിർ അസ്സബാഹ് എന്നിവർ അഭിനന്ദിച്ചു. അതേസമയം, പാർപ്പിടകാര്യ മന്ത്രി യാസർ അബുലിനെതിരെയുള്ള കുറ്റവിചാരണയിൽ ചർച്ച തുടരുന്നത് ഈ മാസം 23ലേക്ക് മാറ്റിയതായി സ്പീക്കർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.