നാലു മെഡലുകൾ സ്പെഷൽ ഒളിമ്പിക്സ്: മികച്ച നേട്ടവുമായി കുവൈത്ത്
text_fieldsകുവൈത്ത് താരങ്ങളും ഒഫീഷ്യൽസും
കുവൈത്ത് സിറ്റി: ഇറ്റലിയിൽ അവസാനിച്ച സ്പെഷൽ ഒളിമ്പിക്സ് വിന്റർ ഗെയിംസിൽ മികച്ച പ്രകടനം കാഴ്ചവെച്ച് കുവൈത്ത്. ഒരു സ്വർണം, ഒരു വെള്ളി, രണ്ട് വെങ്കലം എന്നിങ്ങനെ നാലുമെഡലുകൾ കുവൈത്ത് നേടി.
ശനിയാഴ്ച അവസാന ദിവസത്തിൽ കുവൈത്ത് താരം അബ്ദുള്ള അൽ അലി 100 മീറ്റർ ഐസ് സ്കേറ്റിങിൽ വെള്ളി മെഡലും ഹജർ അൽ റാഷിദി വെങ്കലവും നേടി. ക്രോസ്-കൺട്രി സ്കീയിങിൽ മർയം ദിയാബ് നാലാം സ്ഥാനവും നേടി.
നേരത്തെ 50 മീറ്റർ സ്നോബോർഡിങ് ഇനത്തിൽ കുവൈത്തിന്റെ ഹജർ അൽ റാഷിദി സ്വർണവും അബ്ദുല്ല അൽ അലി വെങ്കലവും നേടിയിരുന്നു.ലോക വിന്റർ ഗെയിംസിൽ ആദ്യമായി പങ്കെടുക്കുന്ന കുവൈത്തിന്റെ നേട്ടത്തിൽ സ്പെഷൽ ഒളിമ്പിക്സ് കുവൈത്ത് ദേശീയ ഡയറക്ടർ റെഹാബ് ബൗറെസ്ലി സന്തോഷവും അഭിമാനവും പ്രകടിപ്പിച്ചു.
ഈമാസം എട്ടിന് ആരംഭിച്ച സ്പെഷൽ ഒളിമ്പിക്സിൽ 100 രാജ്യങ്ങളിൽ നിന്നുള്ള 1,500 ഓളം അത്ലറ്റുകൾ പങ്കെടുത്തു. കുവൈത്തിനെ പ്രതിനിധീകരിച്ച് മൂന്ന് അത്ലറ്റുകളാണ് മത്സരരംഗത്തുണ്ടായിരുന്നത്.
ബുദ്ധിപരമായ വൈകല്യമുള്ള വ്യക്തികളെ സമൂഹവുമായി സംയോജിപ്പിക്കുക, അവരുടെ കഴിവുകൾ വികസിപ്പിക്കുക, മത്സര അന്തരീക്ഷം വളർത്തുക എന്നിവ ലക്ഷ്യമിട്ടാണ് സ്പെഷൽ ഒളിമ്പിക്സ് വേൾഡ് വിന്റർ ഗെയിംസ് സംഘടിപ്പിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.