റഫ ആക്രമണത്തിനെതിരെ കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: ഫലസ്തീനിലെ റഫയിലെ ഇസ്രായേൽ ആക്രമണത്തിൽ മുന്നറിയിപ്പുമായി കുവൈത്ത്. റഫയിലെ ആക്രമണം കൂടുതൽ ഫലസ്തീനികളുടെ നിർബന്ധിത കുടിയിറക്കത്തിന് കാരണമാകും. ഇസ്രായേൽ ആക്രമണത്തിലുണ്ടായ വൻ നാശം മൂലം സുരക്ഷിത താവളങ്ങളുടെ അഭാവത്തിൽ കഴിയുന്നവരാണവർ. ഇസ്രായേൽ അധിനിവേശ സേനയുടെ അന്താരാഷ്ട്ര പ്രമേയങ്ങളുടെ നഗ്നമായ ലംഘനങ്ങളെ കുവൈത്ത് നിരസിക്കുന്നതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
ഇസ്രായേൽ നടപടി ഫലസ്തീനിലെ മാനുഷിക പ്രതിസന്ധി രൂക്ഷമാക്കുകയും അന്താരാഷ്ട്ര സമാധാന ശ്രമങ്ങളെ പരിമിതപ്പെടുത്തുകയും ചെയ്യും. കൂട്ടക്കൊലകൾ ഉടനടി അവസാനിപ്പിക്കണം. ഇസ്രായേലിന്റെ അന്താരാഷ്ട്ര നിയമങ്ങളുടെയും അന്തർദേശീയ മാനുഷിക നിയമങ്ങളുടെയും ലംഘനങ്ങൾ തടയാനും ആവശ്യപ്പെട്ടു. ഫലസ്തീൻ പ്രദേശങ്ങളിൽ സാധാരണക്കാർക്കെതിരെ ഇസ്രായേൽ അധിനിവേശ സേന നടത്തുന്ന ആക്രമണങ്ങളും വംശഹത്യയും അവസാനിപ്പിക്കാൻ അടിയന്തരമായി ഇടപെടണമെന്ന അന്താരാഷ്ട്ര സമൂഹത്തോടുള്ള ആഹ്വാനവും കുവൈത്ത് വിദേശകാര്യ മന്ത്രാലയം പുതുക്കി. 15 ലക്ഷത്തോളം ഫലസ്തീനികൾ കഴിയുന്ന ഇടമാണ് റഫ. കഴിഞ്ഞ ദിവസം റഫക്കുനേരെ ആക്രമണം നടത്തിയ ഇസ്രായേൽ സൈന്യം റഫ അതിർത്തിയുടെ ഭാഗം പിടിച്ചെടുത്തിരുന്നു. റഫയിൽ നിന്ന് ഒഴിഞ്ഞുപോകാൻ ആളുകളിൽ സമ്മർദം ചെലുത്തുന്നുമുണ്ട്. ആക്രമണത്തിൽ 12 പേർ കൊല്ലപ്പെടുകയും അതിർത്തിയിൽ ഇസ്രായേൽ സൈന്യം നിലയുറപ്പിച്ചതോടെ ഗസ്സയിലേക്കുള്ള സഹായ വിതരണം നിലക്കുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.