കഴിഞ്ഞ വർഷം വിമാനയാത്രക്കാരിൽ 300 ശതമാനം ഇടിവ്
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ വർഷത്തെ യാത്രക്കാരുടെ എണ്ണത്തിൽ മുൻ വർഷത്തെ അപേക്ഷിച്ച് 300 ശതമാനം കുറവ്.കോവിഡ് പ്രതിസന്ധി വിമാന ഷെഡ്യൂളുകളെ ബാധിച്ചതാണ് കുത്തനെ ഇടിയാൻ കാരണമായത്. 2019ൽ 15.448 ദശലക്ഷം പേരാണ് കുവൈത്ത് വിമാനത്താവളം വഴി രണ്ടു വശത്തേക്കുമായി യാത്രചെയ്തത്. എന്നാൽ, കഴിഞ്ഞ വർഷം ഇത് 3.875 ദശലക്ഷമായി കുറഞ്ഞു.
11.57 ദശലക്ഷത്തിെൻറ കുറവ്. 52 വിമാനക്കമ്പനികളാണ് കുവൈത്ത് വിമാനത്താവളത്തിൽ സർവിസ് നടത്തിയിരുന്നത്. കോവിഡ് പ്രതിസന്ധിക്കുശേഷവും 47 കമ്പനികൾ കുറഞ്ഞ തോതിൽ സർവിസ് നടത്തുന്നുണ്ട്. ഇപ്പോൾ വിദേശികൾക്ക് പൂർണ പ്രവേശന വിലക്ക് നിലനിൽക്കുകയാണ്. ഇത് എന്നുവരെയെന്നും പറയാൻ കഴിയില്ല. കോവിഡ് വ്യാപനം വിലയിരുത്തി മന്ത്രിസഭയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. കാർഗോ വിമാനങ്ങളും വിരലിലെണ്ണാവുന്ന യാത്രാവിമാനങ്ങളും മാത്രമാണ് ഇപ്പോൾ സർവിസ് നടത്തുന്നത്. അതുകൊണ്ടുതന്നെ ഇൗ വർഷവും ആകെ വിമാനയാത്രക്കാരുടെ എണ്ണം കുറയും.
2020 മാർച്ച് 13 മുതൽ ആഗസ്റ്റ് ഒന്നുവരെ വിമാനത്താവളത്തിൽ യാത്രാവിമാനങ്ങൾക്ക് വിലക്കുണ്ടായിരുന്നു. ആഗസ്റ്റ് ഒന്നുമുതൽ നിയന്ത്രണങ്ങളോടെ തുറന്നുകൊടുത്തു. 2021 ഫെബ്രുവരി ഏഴു മുതൽ വിദേശികൾക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തി.
കഴിഞ്ഞ വർഷം പ്രവാസികളുടെ കൂട്ടമായ തിരിച്ചുപോക്കും വന്ദേഭാരത് പോലെയുള്ള രക്ഷാദൗത്യവും ഉണ്ടായിരുന്നു. ഇത്തവണ അതുമില്ല. വർഷം പകുതി കഴിഞ്ഞാൽ സ്ഥിതി മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ.സെപ്റ്റംബറോടെ ഭൂരിഭാഗം പേർക്കും വാക്സിൻ നൽകുമെന്നാണ് വിലയിരുത്തൽ. കോവിഡ് ഭീതിയൊഴിഞ്ഞ് വിമാനത്താവളത്തിെൻറ പ്രവർത്തനം സാധാരണ നിലയിലായാലും 2020ലെ കുവൈത്ത് വിമാനത്താവളം വഴിയുള്ള ആകെ യാത്രക്കാരുടെ എണ്ണം കുറവുതന്നെയായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.