സുഡാൻ ദുരിതാശ്വാസ സഹായ എയർലിഫ്റ്റ് കുവൈത്ത് പുനരാരംഭിച്ചു
text_fieldsകുവൈത്ത് സിറ്റി: സുഡാനിലേക്കുള്ള ദുരിതാശ്വാസ സഹായ എയർലിഫ്റ്റ് കുവൈത്ത് പുനരാരംഭിച്ചു. 40 ടൺ ഭക്ഷണവും മെഡിക്കൽ സപ്ലൈകളും വഹിച്ചുകൊണ്ടുള്ള കുവൈത്ത് എയർഫോഴ്സ് വിമാനം ചൊവ്വാഴ്ച പോർട്ട് സുഡാൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. മൂന്ന് ആംബുലൻസുകൾ, വീൽ ചെയറുകൾ, ഊന്നുവടികൾ, രക്തസമ്മർദ മോണിറ്ററുകൾ എന്നിവയും വിമാനത്തിൽ ഉൾപ്പെടുന്നു. കുവൈത്ത് സൊസൈറ്റി ഫോർ റിലീഫും മറ്റ് എട്ട് കുവൈത്ത് ചാരിറ്റികളും സംയുക്തമായി ആരംഭിച്ച മാനുഷിക കാമ്പയിനിന്റെ ഭാഗമാണ് സഹായ വിമാനമെന്ന് കുവൈത്ത് സൊസൈറ്റി ഫോർ റിലീഫ് ഡെപ്യൂട്ടി ജനറൽ മാനേജർ ഒമർ അൽ തുവൈനി പറഞ്ഞു. കഠിനമായ ജീവിത സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന സുഡാനിലെ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ, ഭക്ഷണം, മരുന്ന്, പാർപ്പിടം എന്നിവക്ക് സഹായകമായ വസ്തുക്കൾ വിമാനത്തിലുണ്ട്.
സുഡാനിലെ യുദ്ധ ബാധിത പ്രദേശങ്ങളിലേക്ക് മെഡിക്കൽ സംഘത്തെ അയച്ചതായി നമ ചാരിറ്റബിൾ സൊസൈറ്റി റിലീഫ് ചീഫ് ഖാലിദ് അൽ ഷെമേരി പറഞ്ഞു. സുഡാനീസ് അഭയാർഥികൾക്കായി 350 നേത്ര ശസ്ത്രക്രിയകൾ, ഭക്ഷണ കിറ്റുകൾ, മൂന്ന് കിണറുകൾ, മെഡിക്കൽ ടെന്റുകൾ, 2,000 കുട്ടികൾക്കുള്ള വസ്ത്രങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ദുരിതാശ്വാസ പദ്ധതികൾ നടപ്പാക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. സുഡാൻ ജനതക്ക് ആവശ്യമായ മാനുഷിക സഹായം അയക്കാൻ കുവൈത്ത് രാഷ്ട്രീയ നേതൃത്വം നിർദേശം പുറപ്പെടുവിച്ചിരുന്നു. നൂറുകണക്കിന് ടൺ ഭക്ഷണസാധനങ്ങളും മെഡിക്കൽ സാമഗ്രികളും വസ്ത്രങ്ങളും ആംബുലൻസുകളും വഹിച്ചുകൊണ്ടുള്ള 16 ദുരിതാശ്വാസ വിമാനങ്ങൾ ജൂണിൽ കുവൈത്ത് സുഡാനിലേക്ക് അയക്കുകയുമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.