വിമാനയാത്രക്കാരിൽ റെക്കോഡ് വർധന പ്രതീക്ഷിക്കുന്നു; തിരക്ക് നേരിടാൻ സജ്ജമെന്ന് വ്യോമയാന വകുപ്പ്
text_fieldsകുവൈത്ത് സിറ്റി: ഇത്തവണ സമ്മർ സീസണിൽ കുവൈത്ത് വിമാനത്താവളത്തിൽ യാത്രക്കാരുടെ റെക്കോഡ് വർധന പ്രതീക്ഷിക്കുന്നതായി വ്യോമയാന വകുപ്പ്. തിരക്ക് നേരിടാൻ വിമാനത്താവളത്തിലെ വിവിധ വകുപ്പുകളും എയർലൈൻ കമ്പനികളും പൂർണ സജ്ജമെന്നും അധികൃതർ അറിയിച്ചു. കോവിഡ് മഹാമാരി ആരംഭിക്കുന്നതിനുതൊട്ടു മുമ്പ് 2019ൽ ഉണ്ടായിരുന്നതിനെക്കാൾ യാത്രക്കാർ ഈ വർഷം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ഉപയോഗപ്പെടുത്തുമെന്നാണ് പ്രതീക്ഷയെന്ന് ഡി.ജി.സി.എ എയർപോർട്ട് അഫയേഴ്‌സ് മേധാവി എൻജിനീയർ സാലിഹ് അൽ ഫദാഗി പറഞ്ഞു.
കുവൈത്തിൽനിന്ന് ഓപറേറ്റ് ചെയ്യുന്ന 50 വിമാനക്കമ്പനികളാണ് വേനൽക്കാല ഷെഡ്യൂൾ സമർപ്പിച്ചത്. ഒക്ടോബർ 31 വരെയുള്ള ഷെഡ്യൂൾ ഡി.ജി.സി.എ അനുമതി നൽകിയിട്ടുണ്ട്. 300നും 350നും ഇടയിൽ വിമാനങ്ങൾ ഇക്കാലയളവിൽ കുവൈത്തിലേക്കും പുറത്തേക്കും സർവിസ് നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരിയിലെ ദേശീയദിന അവധി മുതൽതന്നെ വിമാനത്താവളത്തിൽ കൃത്യമായ വർക്ക് പ്ലാൻ നടപ്പാക്കിത്തുടങ്ങിയിട്ടുണ്ട്. യാത്ര നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കുന്ന വിധം ചെക്കിങ് കൗണ്ടറുകൾ വർധിപ്പിച്ചിട്ടുണ്ട്. 47 പാസഞ്ചർ എയർലൈൻസും മൂന്ന് കാർഗോ കമ്പനികളുമാണ് കുവൈത്തിൽനിന്ന് ഓപറേറ്റ് ചെയുന്നത്. നേരത്തേ കോവിഡ് പ്രതിസന്ധിയുടെ ഫലമായി വിമാനക്കമ്പനികൾ നേരിട്ടിരുന്ന ജീവനക്കാരുടെ കുറവ് പരിഹരിക്കപ്പെട്ടിട്ടുണ്ടെന്നും എൻജിനീയർ സാലേഹ് അൽ ഫദാഗി കൂട്ടിച്ചേർത്തു.
വിമാനത്താവള സുരക്ഷ ബ്രിട്ടീഷ് കമ്പനി അടുത്തയാഴ്ച റിപ്പോർട്ട് സമർപ്പിക്കും
കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ സുരക്ഷാ സംവിധാനങ്ങൾ വിലയിരുത്തുന്നതിനായുള്ള പരിശോധനകൾ ബ്രിട്ടീഷ് ഡി.എഫ്.ടി ടീം ആരംഭിച്ചു. അടുത്ത ആഴ്ചയോടെ ഓഡിറ്റിങ് പൂർത്തിയാക്കി ഡി.ജി.സി.എക്കും ആഭ്യന്തര മന്ത്രാലയത്തിനും റിപ്പോർട്ട് കൈമാറും. അന്തർദേശീയ നിലവാരത്തിലുള്ള സെക്യൂരിറ്റി സംവിധാനങ്ങളാണ് ബാഗേജ് പരിശോധനക്കും മറ്റുമായി ഒരുക്കിയത്. എല്ലാ വർഷവും അന്താരാഷ്ട്ര ഏജൻസികൾ സുരക്ഷാ ഓഡിറ്റിങ് നടത്താറുണ്ടെന്നും കുവൈത്ത് വിമാനത്താവളത്തിലെ സുരക്ഷ സജ്ജീകരണങ്ങളും ക്രമീകരണവും തൃപ്തികരമാണെന്നും ഡി.ജി.സി.എ എയർപോർട്ട് അഫയേഴ്‌സ് മേധാവി എൻജിനീയർ സാലിഹ് അൽ ഫദാഗി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.