കുവൈത്ത് വിമാനത്താവളം തൽക്കാലം അടക്കുന്നില്ല
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം തൽക്കാലം അടച്ചിടേണ്ടെന്ന് മന്ത്രിസഭ തീരുമാനം. അതേസമയം, കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ വളരെ അത്യാവശ്യത്തിനല്ലാതെ യാത്ര നടത്തരുതെന്ന് അധികൃതർ അഭ്യർഥിച്ചു. വിദേശികൾക്ക് രണ്ടാഴ്ചത്തേക്ക് കുവൈത്തിലേക്ക് പ്രവേശന വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. കുവൈത്തിലേക്ക് വരാനായി ദുബൈയിലും മറ്റും എത്തിപ്പെട്ടവർക്കും ജോലിയും വിസ പുതുക്കലുമായും ബന്ധപ്പെട്ട് അടിയന്തരമായി കുവൈത്തിലേക്ക് വരേണ്ട പ്രവാസികൾക്കും കനത്ത തിരിച്ചടിയാണ് തീരുമാനം. വിമാനത്താവളം അടച്ചിടാൻ വരെ സാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസം ചില പ്രാദേശിക മാധ്യമങ്ങളിൽ റിപ്പോർട്ടുണ്ടായിരുന്നു.
അത് ചെയ്യുന്നില്ല എന്നത് പ്രവാസികൾക്ക് ശുഭവാർത്തയാണെങ്കിലും രണ്ടാഴ്ച കഴിഞ്ഞാലും വിദേശികളുടെ പ്രവേശന വിലക്ക് നീട്ടുമോ എന്ന ആശങ്ക പ്രവാസികൾക്കുണ്ട്. സമീപ ദിവസങ്ങളിൽ രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്നതാണ് കടുത്ത തീരുമാനമെടുക്കാൻ അധികൃതരെ പ്രേരിപ്പിച്ചത്. കോവിഡ് കുവൈത്തിൽ സമീപ ആഴ്ചകളിൽ വർധിച്ചുവരികയാണ്. മുന്നറിയിപ്പ് നിർദേശങ്ങൾ അവഗണിച്ച് ഒത്തുകൂടലുകളും വിവാഹ സൽക്കാരങ്ങളും വരെ വ്യാപകമായി നടക്കുന്നതാണ് അധികൃതരെ ഇത്തരമൊരു നിയന്ത്രണത്തിലേക്ക് എത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.