ആളനക്കമില്ലാതെ കുവൈത്ത് വിമാനത്താവളം
text_fieldsകുവൈത്ത് സിറ്റി: വിദേശികളുടെ പ്രവേശന വിലക്ക് തുടരുന്ന കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആളനക്കമില്ലാത്ത അവസ്ഥ. വളരെ കുറച്ച് ഇൻകമിങ് വിമാനങ്ങൾ മാത്രമാണ് ഷെഡ്യൂൾ ചെയ്തിരുന്നത്. ഇതിൽ പലതും റദ്ദാക്കുകയും ചെയ്തു. വന്ന വിമാനങ്ങളിൽ വിരലിലെണ്ണാവുന്ന യാത്രക്കാരേ ഉണ്ടായിരുന്നുള്ളൂ. ഒരു വിമാനത്തിൽ പരമാവധി 35 യാത്രക്കാർ എന്ന് നിബന്ധന വെച്ചിട്ടുണ്ടെങ്കിലും അഞ്ചിൽ താഴെ യാത്രക്കാരുമായാണ് നിരവധി വിമാനങ്ങൾ കുവൈത്തിലിറങ്ങിയത്. അമേരിക്കയിൽനിന്ന് ദമ്മാം വഴി വന്ന വിമാനത്തിൽ ഒരാൾ മാത്രമാണ് ഉണ്ടായിരുന്നത്.
സ്വന്തം ചെലവിൽ ഏഴ് ദിവസം ഹോട്ടൽ ക്വാറൻറീനും ഏഴ് ദിവസം ഹോം ക്വാറൻറീനും അനുഷ്ഠിക്കണമെന്നാണ് കുവൈത്തിലെത്തുന്ന സ്വദേശികൾക്ക് നിബന്ധന. വിദേശികൾക്ക് ഫെബ്രുവരി ഏഴുമുതൽ രണ്ടാഴ്ചത്തേക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരുന്നത് മറ്റൊരറിയിപ്പുണ്ടാകുന്നത് വരെ നീട്ടുകയായിരുന്നു. വിമാനത്താവളത്തിൽ യാത്രക്കാരെ സ്വീകരിക്കാനുള്ള ഒരുക്കം നടത്തുന്നതിനിടെയാണ് ആരോഗ്യ മന്ത്രാലയത്തിെൻറ നിർദേശം വരുന്നത്.
അതേസമയം, കുവൈത്തിലേക്ക് വരാനുള്ള നിരവധി യാത്രക്കാരാണ് ദുബൈ ഉൾപ്പെടെ സ്ഥലങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്. എന്നുവരെയാണ് പുതിയ വിലക്ക് ബാധകമാകുക എന്ന് പ്രഖ്യാപിക്കാത്തതിനാൽ കാത്തുനിൽക്കണോ നാട്ടിലേക്ക് തന്നെ തിരിച്ചുപോകണോ എന്ന ശങ്കയിലാണിവർ. വിസ പുതുക്കലുമായും ജോലിയുമായും ബന്ധപ്പെട്ട് അടിയന്തരമായി കുവൈത്തിലേക്ക് എത്തേണ്ടതുള്ളവർ കടുത്ത പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്. കുവൈത്തിൽനിന്ന് അവധിക്ക് നാട്ടിൽ പോകാനിരിക്കുന്നവരും തിരിച്ചുവരവ് സംബന്ധിച്ച അനിശ്ചിതത്വത്തെ തുടർന്ന് ആശങ്കയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.