കുവൈത്ത് എയർവേസ് ഉയർന്ന തസ്തികകളിൽ സ്വദേശിവത്കരണം ഇരട്ടിയാക്കുന്നു
text_fieldsകുവൈത്ത് സിറ്റി: തൊഴിലവസരങ്ങൾ പൂർണമായി സ്വദേശി വത്കരിക്കുന്നതിലേക്ക് കുവൈത്ത് എയർവേസ് നീങ്ങുന്നു. കമ്പനിയിലെ എല്ലാ ഉന്നത സ്ഥാനങ്ങളും സമീപഭാവിയിൽ കുവൈത്തികൾക്ക് മാത്രം ആക്കാനുള്ള ശ്രമത്തിലാണെന്ന് ഡയറക്ടർ ബോർഡ് വ്യക്തമാക്കി. അടുത്ത മൂന്നു വർഷത്തിനുള്ളിൽ സ്വദേശി തൊഴിലാളികളുടെ എണ്ണം ഇരട്ടിയാക്കും. ഇതിന്റെ ഭാഗമായി തൊഴിലാളികളുടെ ശമ്പള സ്കെയിലും ആനുകൂല്യങ്ങളും പഠിക്കാനും വിലയിരുത്താനുമായി വിവിധ കമ്പനികളുമായി പ്രോജക്ട് ഒപ്പുവെച്ചു. രാജ്യത്തിന് അകത്തും പുറത്തുമുള്ള ജോലികളും സ്വദേശികൾക്ക് നൽകാനാണ് നീക്കം. എല്ലാ ജീവനക്കാർക്കും അനുയോജ്യമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങൾ പൂർത്തീകരിച്ചുവരുകയാണെന്നും കമ്പനി അറിയിച്ചു. ജീവനക്കാരുടെ അർഹമായ ആവശ്യങ്ങൾ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് കുവൈത്ത് എയർവേയ്സ് തൊഴിലാളികൾ ദിവസങ്ങൾക്ക് മുമ്പ് പ്രതിഷേധ സമരം നടത്തിയിരുന്നു.
കമ്പനിയുടെ ആസ്ഥാന കേന്ദ്രത്തിനുമുന്നിലാണ് നൂറുക്കണക്കിന് ജീവനക്കാർ ധർണയും പിക്കറ്റിങ്ങും നടത്തിയത്.
സ്വദേശി ജീവനക്കാർക്ക് മിനിമം വേതനം ഉറപ്പിക്കുന്നതിൽ മാനേജ്മെന്റ് വീഴ്ച വരുത്തുകയാണ്. സ്വദേശികൾക്ക് തുച്ഛമായ ശമ്പളവും അതേ തസ്തികയിൽ നിയമനം ലഭിക്കുന്ന വിദേശികൾക്ക് ഉയർന്ന ശമ്പളവുമാണ് നിലവിലുള്ളത്.
യോഗ്യതയുള്ള സ്വദേശി തൊഴിലാളികൾക്ക് കൃത്യമായ മാർഗ് നിർദ്ദേശങ്ങൾ നൽകി തൊഴിൽ പുരോഗതി കൈവരിക്കുന്നതിൽ മാനേജ്മെന്റ് നിരന്തരം പരാജയപ്പെടുകയാണെന്ന് എന്നെല്ലാം തൊഴിലാളികൾ ഉന്നയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.