കുവൈത്ത് എയർവേസ് ഇന്ത്യയിലേക്കുള്ള പ്രതിവാര സീറ്റുകൾ 90,000 ആയി ഉയർത്തും
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് എയർവേസിെൻറ ഇന്ത്യയിലേക്കുള്ള പ്രതിവാര സീറ്റുകൾ 12,000ത്തിൽനിന്ന് 90,000 ആയി ഉയർത്തുമെന്ന് സാമൂഹികകാര്യ-തൊഴിൽമന്ത്രി ഹിന്ദ് അസ്സബീഹ് അറിയിച്ചു. കുവൈത്തിൽ ജീവിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തിന് ആനുപാതികമല്ല നിലവിലുള്ള സീറ്റുകൾ എന്ന വിലയിരുത്തലിലാണ് സീറ്റ് വർധന. സെപ്റ്റംബർ 20ന് ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബറുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ ധാരണയായെതന്ന് ഹിന്ദ് അസ്സബീഹ് വ്യക്തമാക്കി.
2017ലാണ് ഇന്ത്യയിലേക്ക് 12,000 പ്രതിവാര സീറ്റുകൾ അനുവദിച്ചതെങ്കിലും ഇത് രാജ്യത്തെ ഇന്ത്യക്കാരുടെ എണ്ണവുമായി പൊരുത്തപ്പെടുന്നില്ലെന്നും അവർ പറഞ്ഞു.ഇന്ത്യയിൽനിന്നുള്ള ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട ഭാവിയിലെ സഹകരണത്തെ കുറിച്ചും ഇരു രാജ്യങ്ങളും തമ്മിലുള്ള ഇലക്ട്രോണിക് ലിങ്കിലൂടെ തൊഴിൽനിയമനം നടത്തുന്ന പദ്ധതിയെ കുറിച്ച് പഠിക്കുന്നത് സംബന്ധിച്ചും ചർച്ച നടത്തിയതായും മന്ത്രി അറിയിച്ചു. ഇലക്ട്രോണിക് ലിങ്ക് സ്ഥാപിക്കുന്ന പ്രവൃത്തി നടന്നുകൊണ്ടിരിക്കുകയാണ്. ഇൗ പദ്ധതിയിലെ തടസ്സങ്ങൾ നീക്കാനാവശ്യമായ നടപടികൾ സ്വീകരിച്ചുവരുന്നു.
കുവൈത്തിലെ തൊഴിൽ മാർക്കറ്റിലേക്ക് ആവശ്യമായ വിദഗ്ധ തൊഴിലാളികളുടെ നിയമനത്തിൽ ഇലക്ട്രോണിക് ലിങ്ക് വലിയ ചുവടുവെപ്പായിരിക്കും. തൊഴിൽ മാർക്കറ്റിന് ആവശ്യമില്ലാത്ത അവിദഗ്ധ തൊഴിലാളികളെ ഒഴിവാക്കുന്നതിനും സംവിധാനം ഉപകരിക്കുമെന്ന് അവർ കൂട്ടിച്ചേർത്തു.വിദേശ തൊഴിലാളികളുടെ അവകാശങ്ങൾ കാത്തുസൂക്ഷിക്കുന്നതിൽ സർക്കാറിനുള്ള പ്രതിബദ്ധത മന്ത്രി ഇന്ത്യൻ പ്രതിനിധി സംഘവുമായുള്ള കൂടിക്കാഴ്ചയിൽ എടുത്തുപറഞ്ഞു.
മാനവ വിഭവശേഷി പൊതു അതോറിറ്റിയുടെ വിവിധ വിഭാഗങ്ങളുമായും മറ്റു ബന്ധപ്പെട്ട യൂനിറ്റുകളുമായും ചേർന്ന് ഇതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചുവരുന്നു. ഫീൽഡ് പരിശോധനയിലൂടെയും അതത് രാജ്യങ്ങളുടെ എംബസികളുമായി സഹകരിച്ചും തൊഴിലാളികളുടെ കാര്യങ്ങൾ നിരീക്ഷിച്ചുവരുന്നുണ്ട്. ഒമ്പതു ലക്ഷത്തോളം വരുന്ന ഇന്ത്യൻ തൊഴിലാളികൾ കുവൈത്തി നിയമത്തിന് കീഴിലാണ് പ്രവർത്തിക്കുന്നത്. അവർക്ക് ആവശ്യമായ സംരക്ഷണവുമുണ്ട്. ഇന്ത്യൻ തൊഴിലാളികൾക്ക് എന്തെങ്കിലും പ്രയാസങ്ങൾ നേരിടുന്നുണ്ടെങ്കിൽ അവ പരിഹരിക്കാൻ സഹകരിച്ച് പ്രവർത്തിക്കാനുള്ള സന്നദ്ധതയും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.