കുവൈത്തും പാകിസ്താനും മാധ്യമ സഹകരണം വികസിപ്പിക്കുന്നു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തും പാകിസ്താനും മാധ്യമ സഹകരണം വികസിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി കുവൈത്ത് ന്യൂസ് ഏജൻസി (കുന) ഡയറക്ടർ ജനറൽ ഡോ. ഫാത്തിമ അൽ സലിം കുവൈത്തിലെ പാകിസ്താൻ അംബാസഡർ മാലിക് ഫാറൂഖുമായി ചർച്ച നടത്തി.
മാധ്യമ മേഖലയിൽ ഇരുപക്ഷവും തമ്മിലുള്ള ബന്ധം വികസിപ്പിക്കേണ്ടതിന്റെ ആവശ്യകത ഡോ. ഫാത്തിമ അൽ സലിം കൂടിക്കാഴ്ചയിൽ വ്യക്തമാക്കി. പാകിസ്താൻ അസോസിയേറ്റഡ് പ്രസുമായുള്ളത് അടക്കം കിഴക്ക്, മധ്യ, ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ വാർത്ത ഏജൻസികളുമായും മാധ്യമ സ്ഥാപനങ്ങളുമായും ‘കുന’ സേവനങ്ങളും വാർത്ത ബുള്ളറ്റിനും വികസിപ്പിക്കാൻ ലക്ഷ്യമിടുന്നതായും അവർ അറിയിച്ചു.
മുമ്പ് ഒപ്പിട്ട കരാറുകളും ധാരണപത്രങ്ങളും സജീവമാക്കുന്നതു വഴിയാണ് ഇത് സാധ്യമാക്കുക. ഡിജിറ്റൽ മീഡിയയിലെ സമീപകാല വികാസത്തിന്റെ വെളിച്ചത്തിൽ, സംയുക്ത പരിശീലന കോഴ്സുകളിലൂടെ അനുഭവം പങ്കുവെക്കേണ്ടതിന്റെ പ്രാധാന്യവും ഡോ. ഫാത്തിമ അൽ സലിം ഉണർത്തി.
രാജ്യങ്ങളെയും സംസ്കാരങ്ങളെയും ഒരുമിച്ച് കൊണ്ടുവരുന്നതിലും രാജ്യങ്ങളുടെ വിദേശനയങ്ങൾ രൂപപ്പെടുത്തുന്നതിലും മാധ്യമങ്ങൾ വലിയ പങ്കുവഹിക്കുന്നുവെന്ന് അംബാസഡർ മാലിക് ഫാറൂഖ് പറഞ്ഞു. കുവൈത്തും പാകിസ്താനും തമ്മിലുള്ള ശക്തമായ രാഷ്ട്രീയ ബന്ധം നിലനിർത്തുന്നതിന്, മാധ്യമങ്ങളിൽ കൂടുതൽ സഹകരണം പ്രതീക്ഷിക്കുന്ന കുവൈത്തിന്റെ വിദേശ നയത്തെയും അതിൽ കുനയുടെ പങ്കിനെ അദ്ദേഹം പ്രശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.