കുവൈത്തും തുർക്കിയയും കൂടുതൽ സഹകരണ കരാറുകളിൽ ഒപ്പുവെച്ചു
text_fieldsകുവൈത്ത് സിറ്റി: അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെ സന്ദർശനത്തിനിടെ കുവൈത്തും തുർക്കിയയും നിരവധി സഹകരണ കരാറുകളിൽ ഒപ്പുവെച്ചു.
പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന് ‘സ്റ്റേറ്റ് ഓർഡർ’ കൈമാറി. സുഹൃത്ത് രാജ്യങ്ങളായ കുവൈത്തും തുർക്കിയയും തമ്മിലുള്ള ആഴത്തിൽ വേരൂന്നിയ ബന്ധം പ്രതിഫലിപ്പിക്കുന്നതിനാണ് ‘സ്റ്റേറ്റ് ഓർഡർ’ അമീറിന് നൽകിയത്. അമീറിന്റെയും തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാന്റെയും സാന്നിധ്യത്തിൽ ഇരു രാജ്യത്തെയും വിവിധ മന്ത്രാലയങ്ങളെ പ്രതിനിധീകരിക്കുന്നവർ കരാറുകളിൽ ഒപ്പുവെച്ചു. പ്രതിരോധ വ്യവസായത്തെ സംബന്ധിച്ച് കുവൈത്ത് പ്രതിരോധ മന്ത്രാലയവും തുർക്കിയ ദേശീയ പ്രതിരോധ മന്ത്രാലയവും തമ്മിൽ എക്സിക്യൂട്ടിവ് പ്രൊട്ടോക്കോളിൽ ഒപ്പുവെച്ചു.
കുവൈത്തിന് വേണ്ടി വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യയും തുർക്കിയയെ പ്രതിനിധീകരിച്ച് പ്രതിരോധ വ്യവസായ മന്ത്രി ഹലുക്ക് ഗോർഗുനും ഒപ്പുവെച്ചു. തന്ത്രപരമായ സംഭാഷണം സ്ഥാപിക്കുന്നതിനുള്ള ധാരണപത്രത്തിൽ കുവൈത്ത് വിദേശകാര്യ മന്ത്രാലയവും തുർക്കിയ വിദേശകാര്യ മന്ത്രാലയവും ഒപ്പുവെച്ചു. കുവൈത്ത് സിവിൽ ഡിഫൻസും തുർക്കിയ ആഭ്യന്തര മന്ത്രാലയവും ഡിസാസ്റ്റർ ആൻഡ് എമർജൻസി മാനേജ്മെന്റ് അതോറിറ്റിയും ധാരണയിലെത്തി.
വാണിജ്യ മന്ത്രാലയത്തിലെ ഫ്രീ സോൺ മേഖലയിലെ സഹകരണം സംബന്ധിച്ച് കരാറിൽ കുവൈത്ത് ഡയറക്ട് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ അതോറിറ്റിയും തുർക്കിഷ് ജനറൽ അതോറിറ്റിയും ഒപ്പുവെച്ചു. അടിസ്ഥാന സൗകര്യവികസനത്തിലും സഹകരണം സംബന്ധിച്ചും നിക്ഷേപ പ്രോത്സാഹനവുമായി ബന്ധപ്പെട്ട സഹകരണത്തിലും ഇരുരാജ്യങ്ങളും ഒപ്പുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.