കുവൈത്തിൽ സ്ഥിരം സൈനിക വിന്യാസം തീരുമാനിച്ചിട്ടില്ല –ബ്രിട്ടീഷ് അംബാസഡർ
text_fieldsകുവൈത്ത് സിറ്റി: ബ്രിട്ടീഷ് സൈന്യത്തെ കുവൈത്തിൽ സ്ഥിരമായി വിന്യസിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് കുവൈത്തിലെ ബ്രിട്ടീഷ് അംബാസഡർ മൈക്കിൾ ഡാവൻപോർട്ട് പറഞ്ഞു. രണ്ടാം എലിസബത്ത് രാജ്ഞി സ്ഥാനാരോഹണ അനുസ്മരണത്തോടനുബന്ധിച്ച് നടന്ന സ്റ്റാമ്പ് പ്രദർശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അതേസമയം, ഈ വിഷയത്തിലുള്ള വിശദമായ ചർച്ചകൾ ഇരുഭാഗങ്ങളും നടത്തിക്കൊണ്ടിരിക്കുകയാണെന്ന് അംബാസഡർ പറഞ്ഞു. അതി ഗൗരവമുള്ള ഇത്തരം കാര്യങ്ങളിൽ തീരുമാനം കൈക്കൊള്ളുന്നതിനുമുമ്പ് ഇരുവിഭാഗവും മതിയായ നയതന്ത്ര നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്. ജൂൺ 25, 26 തീയതികളിൽ ലണ്ടനിൽ നടന്ന ബ്രിട്ടീഷ്-കുവൈത്ത് ഫോറം രണ്ട് രാജ്യങ്ങൾക്കിടയിൽ കൂടുതൽ മേഖലകൾ തുറക്കപ്പെടുമെന്ന പ്രതീക്ഷ ഉളവാക്കിയിട്ടുണ്ട്. രാഷ്ട്രീയ, സാമ്പത്തിക, ആരോഗ്യ, സാംസ്കാരിക, വിദ്യാഭ്യാസ, സൈനിക, സുരക്ഷ, ശാസ്ത്ര ഗവേഷണ മേഖലകളിൽ സഹകരണം വിപുലപ്പെടുത്താനുള്ള തീരുമാനം ആ വഴിക്കുള്ള നല്ല സൂചനകളാണ്. ബ്രിട്ടനിൽ കുവൈത്തികൾക്ക് നിക്ഷേപ സംരംഭങ്ങൾക്ക് കൂടുതൽ അവസരം ഉറപ്പുവരുത്താനുള്ള തീരുമാനവും ഇതിെൻറ ഭാഗമാണ്. ഇരു രാജ്യങ്ങൾക്കിടയിൽ വ്യോമയാന സഹകരണം ഉറപ്പുവരുത്താനുള്ള കരാറിൽ ഈമാസം അവസാനം ഒപ്പുവെക്കുമെന്നും ബ്രിട്ടീഷ് അംബാസഡർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.