63 ന്റെ നിറവില്‍ കുവൈത്ത്; ആഘോഷ ദിനം
text_fieldsകുവൈത്ത് സിറ്റി: അടക്കി ഭരിക്കലിന്റെയും അധിനിവേശത്തിന്റെയും കറുത്ത ദിനരാത്രങ്ങളിൽനിന്ന് മോചിതരായതിന്റെ ഓർമയിൽ കുവൈത്ത് ഞായറാഴ്ച 63ാമത് ദേശീയ ദിനം ആഘോഷിക്കുന്നു. തിങ്കളാഴ്ച വിമോചന ദിനവും എത്തുന്നതോടെ വിവിധങ്ങളായ പരിപാടികളാൽ രണ്ടു ദിനം രാജ്യം ആഘോഷമാക്കും. ആഘോഷ ഭാഗമായി രാജ്യത്തെ വിവിധ ഭാഗങ്ങളിലായി കരിമരുന്ന് പ്രയോഗവും ഹല മാര്‍ക്കറ്റുകളും എയര്‍ ഷോയും ഒരുക്കിയിട്ടുണ്ട്.
ഗൾഫ് റോഡ്, ഗ്രീൻ ഐലൻഡ്, കുവൈത്ത് ടവർ എന്നിവിടങ്ങൾ ആഘോഷങ്ങളുടെ കേന്ദ്രമാകും. അല്‍-ഷഹീദ് പാര്‍ക്ക്, ശൈഖ് ജാബിര്‍ അല്‍ അഹമദ് കള്‍ച്ചറര്‍ സെന്റര്‍, കുവൈത്ത് ഫയര്‍ ക്യാമ്പ് എന്നിവിടങ്ങളില്‍ വിപുലമായ പരിപാടികളാണ് സജ്ജീകരിച്ചിരിക്കുന്നത്. വിവിധ ഷോപ്പിങ് കേന്ദ്രങ്ങൾ, കൂട്ടായ്മകൾ എന്നിവ കേന്ദ്രീകരിച്ചും കലാ, വിനോദ പരിപാടികൾ നടക്കും. കുവൈത്ത് പൗരന്മാർക്കൊപ്പം പ്രവാസികളും ആഘോഷത്തിൽ സജീവമാണ്.
വിവിധ ഗവർണറേറ്റുകളിൽ വ്യത്യസ്തങ്ങളായ പരിപാടികൾ അരങ്ങേറും. ബൗദ്ധിക, സാംസ്കാരിക, കലാ മേഖലയിലെ പ്രമുഖരും ആഘോഷത്തിന്റെ ഭാഗമാകാനെത്തും. ദേശീയ-വിമോചന ദിനത്തിൽ വിവിധ രാഷ്ട്രത്തലവൻമാർ കുവൈത്തിന് ആശംസകൾ നേർന്നു. ബയാൻ പാലസിലും ആറ് ഗവർണറേറ്റുകളിലും ദേശീയ പതാക ഉയർന്നതോടെ ആഘോഷങ്ങൾക്ക് നേരത്തെ ഔപചാരിക തുടക്കമായിരുന്നു.
വൻകെട്ടിടങ്ങളും സർക്കാർ ഓഫിസുകളും ദേശീയ പതാകകളാലും വർണ വിസ്മയങ്ങളാലും അണിഞ്ഞൊരുങ്ങിയിട്ടുണ്ട്. ദേശീയ ദിനത്തോടനുബന്ധിച്ച് വാരാന്ത്യ ദിനങ്ങള്‍ ഉൾപ്പെടെ നാലു ദിവസം പൊതു അവധി ആയതിനാൽ രാജ്യവും ജനങ്ങളും ആഘോഷത്തിമിർപ്പിലാണ്.
ബ്രിട്ടീഷ് അധിനിവേശത്തില്‍ നിന്ന് സ്വതന്ത്രമായതിന്റെ ആഘോഷമാണ് ഫെബ്രുവരി 25 ന് രാജ്യം ദേശീയദിനം കൊണ്ടാടുന്നത്. 1961ല്‍ സ്വതന്ത്രമായ കുവൈത്ത് ത്വരിതവേഗത്തിലാണ് ലോക രാജ്യങ്ങളിൽ ശ്രദ്ധേയമായ ഇടം നേടിയെടുത്തത്. എണ്ണപ്പണത്തിന്റെ കരുത്തിൽ ആഗോള തലത്തിൽ മുൻനിരയിലുള്ള സാമ്പത്തിക രാജ്യങ്ങളില്‍ ഒന്നായി കുവൈത്ത് ഉയർന്നു.
1990 ആഗസ്റ്റിൽ കുവൈത്തിലേക്ക് ഇറാഖ് അധിനിവേശം നടത്തുകയും കീഴ്പ്പെടുത്തുകയും ചെയ്തു.
രാജ്യത്തിനും ജനങ്ങൾക്കും ദുരിതത്തിന്റെ കറുത്ത ദിനങ്ങൾ സമ്മാനിച്ച ആ ദിവസങ്ങളിൽ നിന്ന് 1991 ഫെബ്രുവരി 26ന് രാജ്യം മോചനം നേടി. ഇറാഖ് അധിനിവേശത്തില്‍ നിന്ന് മോചിതമായതിന്റെ വാര്‍ഷികമാണ് വിമോചന ദിനമായി ആഘോഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.