ടൂറിസം സഹകരണത്തിന് കുവൈത്ത്-ബഹ്റൈൻ ധാരണ
text_fieldsകുവൈത്ത് സിറ്റി: ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനും ടൂറിസം മേഖലയെ പരിപോഷിപ്പിക്കുന്നതിനുമുള്ള സുപ്രധാന ചുവടുവെപ്പിൽ കുവൈത്തും ബഹ്റൈനും. മൂന്നു വർഷത്തെ ടൂറിസം സഹകരണ കരാറിന്റെ എക്സിക്യൂട്ടിവ് പ്രോഗ്രാമിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു.
കുവൈത്ത് ഇൻഫർമേഷൻ ആൻഡ് കൾചർ മന്ത്രി അബ്ദുൽറഹ്മാൻ അൽ മുതൈരി, ബഹ്റൈനിലെ ടൂറിസം മന്ത്രി ഫാത്തിമ അൽ സൈറാഫി എന്നിവർ തങ്ങളുടെ സർക്കാറുകളെ പ്രതിനിധീകരിച്ച് കരാറിൽ ഒപ്പുവെച്ചു. 2024, 2025, 2026 വർഷങ്ങളിലേക്കാണ് സഹകരണ കരാർ.
ടൂറിസം മാർക്കറ്റിങ്ങുമായി ബന്ധപ്പെട്ട വൈദഗ്ധ്യത്തിന്റെയും വിവരങ്ങളുടെയും കൈമാറ്റം, സംയുക്ത ടൂറിസം ഇവന്റുകൾ സംഘടിപ്പിക്കൽ, ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങൾക്കുള്ളിൽ പ്രമോഷനൽ പരിപാടികൾ ശക്തിപ്പെടുത്തൽ എന്നിവയുൾപ്പെടെ ടൂറിസത്തിന്റെ വിവിധ മേഖലകൾ ഇതിൽ ഉൾക്കൊള്ളുന്നതായി അൽ മുതൈരി പറഞ്ഞു.
ദേശീയ സാമ്പത്തിക വളർച്ചക്ക് ഗണ്യമായ സംഭാവന നൽകുന്ന സുപ്രധാന മേഖലയാണ് വിനോദസഞ്ചാരം. ഇതിൽ വിവിധ മേഖലകളിൽ ജി.സി.സി സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള കുവൈത്തിന്റെ താൽപര്യവുമായി കരാർ യോജിക്കുന്നതായും അൽ മുതൈരി വ്യക്തമാക്കി.
കുവൈത്തുമായുള്ള ടൂറിസം സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ബഹ്റൈന്റെ താൽപര്യം അൽ സൈറാഫി വ്യക്തമാക്കി. ജി.സി.സി ടൂറിസത്തെ പുതിയ ചക്രവാളങ്ങളിലേക്ക് ഉയർത്താനുള്ള വിപുല ശ്രമങ്ങളുടെ ഭാഗമാണ് ഇതെന്നും സൂചിപ്പിച്ചു. രാജ്യത്ത് ആഭ്യന്തരമായും അന്തർദേശീയമായും ആകർഷകമായ ടൂറിസം അന്തരീക്ഷം സൃഷ്ടിക്കുന്നതിലും സുസ്ഥിര ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിലും കുവൈത്ത് ശ്രദ്ധ കേന്ദ്രീകരിച്ചുവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.