കുവൈത്ത്: വഞ്ചനാപരമായ ‘ട്രാഫിക് ഫൈൻ’ സന്ദേശങ്ങളെ സൂക്ഷിക്കുക
text_fieldsകുവൈത്ത് സിറ്റി: അജ്ഞാത ഉറവിടങ്ങളിൽനിന്നു ലഭിക്കുന്ന വ്യാജ സന്ദേശങ്ങളിൽനിന്നു വിട്ടുനിൽക്കാനും ജാഗ്രത പാലിക്കാനും ജനറൽ ഡയറക്ടറേറ്റ് ഓഫ് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി അവയർനസ് മുന്നറിയിപ്പ്. ട്രാഫിക് ഫൈൻ അടക്കാൻ ആവശ്യപ്പെട്ട് പലർക്കും വ്യാപകമായ സന്ദേശങ്ങൾ ലഭിക്കുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. ട്രാഫിക് ലംഘനങ്ങൾക്ക് ആഭ്യന്തര മന്ത്രാലയം അലർട്ടുകളും അറിയിപ്പുകളും സഹൽ ആപ്ലിക്കേഷൻ വഴി മാത്രമാണ് അയക്കുന്നത്.
മറ്റു സന്ദേശങ്ങളെ അവഗണിക്കാനും സാമ്പത്തിക കൈമാറ്റത്തിൽനിന്ന് വിട്ടുനിൽക്കാനും മുന്നറിയിപ്പിൽ സൂചിപ്പിക്കുന്നു. പിഴയോ നിയമപരമായ പ്രശ്നങ്ങളോ സംബന്ധിച്ച എല്ലാ ആശയവിനിമയങ്ങൾക്കും ഔദ്യോഗിക സംവിധാനങ്ങളെ മാത്രം ആശ്രയിക്കണം. സന്ദേശങ്ങളുടെ ആധികാരികത പരിശോധിക്കാനും ഉണർത്തി.
രാജ്യത്ത് വിവിധ സന്ദേശങ്ങൾ അയച്ച് പണം തട്ടൽ വ്യാപകമാണ്. ഫോണിൽ ലഭിക്കുന്ന സംശയാസ്പദമായ കാളുകളോടും സന്ദേശങ്ങളോടും പ്രതികരിക്കരുത്. അറിയാത്ത നമ്പറുകളിൽ നിന്നുള്ള ടെക്സ്റ്റ് മെസേജുകൾ, ഒ.ടി.പി എന്നിവയും അവഗണിക്കണം. പണം നല്‍കാനായി ലിങ്കുകൾ ലഭിച്ചാൽ അവ ഓപണ്‍ ചെയ്യരുത്. വ്യക്തിപരമോ ബാങ്കിങ് വിവരങ്ങളോ ചോദിക്കുന്ന സംശയാസ്പദമായ ഉറവിടങ്ങളില്‍ നിന്നുള്ള കാളുകൾ, സന്ദേശങ്ങൾ എന്നിവക്ക് മറുപടി നൽകേണ്ടതില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.