കുവൈത്ത്: ഭവൻസ് സ്ഥാപകദിനം ആഘോഷിച്ചു
text_fieldsകുവൈത്ത്സിറ്റി: വർണാഭമായ നൃത്തപരിപാടികളുടെ അകമ്പടിയോടെ ഭവൻസ് സ്ഥാപകദിനം ആഘോഷിച്ചു. ഇന്ത്യൻ എജുക്കേഷൻ സ്കൂൾ, സ്മാർട്ട് ഇന്ത്യൻ സ്കൂൾ എന്നിവർ സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ നിരവധി വിദ്യാർഥികളും അധ്യാപകരും അണിചേർന്നു. പരിപാടിയിൽ സ്മാർട്ട് ഇന്ത്യൻ സ്കൂൾ കുവൈത്ത് ആണ് ആതിഥേയത്വം വഹിച്ചത്.
ആഘോഷപരിപാടികൾ ഭവൻസ് മിഡിലീ സ്റ്റ് ചെയർമാൻ എൻ.കെ. രാമചന്ദ്രമേനോൻ ഉദ്ഘാടനം ചെയ്തു. ഭവൻസിന്റെ വളർച്ചയിൽ അധ്യാപകരും രക്ഷിതാക്കളും വഹിച്ച പങ്ക് തീർത്തും പ്രശംസനീയമായിരുന്നെന്നും എക്കാലവും ഇന്ത്യൻ മൂല്യങ്ങളിൽ അടിയുറച്ചുകൊണ്ടാണ് പഠനപദ്ധതികൾ ഭവൻസ് ആവിഷ്കരിച്ചിട്ടുള്ളതെന്നും ഉദ്ഘാടനവേളയിൽ അദ്ദേഹം പറഞ്ഞു.
സ്കൂൾ പ്രിൻസിപ്പൽമാരായ ടി. പ്രേംകുമാർ, മഹേഷ് അയ്യർ മുതലായവർ അദ്ദേഹത്തെ പൊന്നാടയണിയിച്ചു. തുടർന്ന് ഭവൻസ് മിഡിലീസ്റ്റ് ഡയറക്ടർ ദിവ്യ രാജേഷ് രാമചന്ദ്രൻ സംസാരിച്ചു. ഭവൻസ് മിഡിലീസ്റ്റ് ഡയറക്ടർ മാധവ് രാജേഷ് രാമചന്ദ്രൻ, സുധാ രാമചന്ദ്രൻ മുതലായവർ സന്നിഹിതരായിരുന്നു. ഇന്ത്യൻ എജുക്കേഷൻ സ്കൂളിലെ വിദ്യാർഥികൾ ചേർന്നൊരുക്കിയ മ്യൂസിക്കൽ ബാൻഡ് പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി.
തുടർന്ന് ‘ദി ജേണി ഓഫ് ഇന്ത്യൻ സിനിമ’ എന്ന വിഷയത്തെ അടിസ്ഥാനമാക്കി വിദ്യാർഥികളും അധ്യാപകരും സംഘടിപ്പിച്ച വർണാഭമായ നൃത്തപരിപാടികൾ കാണികൾക്ക് ഒരു പുത്തൻ ദൃശ്യാനുഭവത്തിന്റെ ചാരുത പകർന്നുനൽകി. വേദിയിൽ നാൽപതിൽപരം നൃത്തരൂപങ്ങളാണ് തുടർന്ന് അരങ്ങേറിയത്. ഭവൻസ് അധ്യാപകന്മാരായ പ്രശാന്തൻ, എ.പി. ശ്രീകാന്ത് മുതലായവർ കലാപരിപാടികൾ കോഓഡിനേറ്റ് ചെയ്തു.
തുടർന്ന് പ്ലസ്ടു, പത്താംതരം സി.ബി.എസ്.ഇ പരീക്ഷകളിൽ ഉന്നത മാർക്കുവാങ്ങി വിജയിച്ച വിദ്യാർഥികൾക്കും അവരെ അവാർഡിന് പ്രാപ്തരാക്കിയ അധ്യാപകർക്കും അവാർഡുകൾ വിതരണം ചെയ്തു. ഭവൻസ് റീദം സ്കേപ്സ് അധ്യാപികയായ ജിജമോൾ ശ്രീനി നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.