കുവൈത്ത് മന്ത്രിസഭ രൂപവത്കരണം ഇന്നുണ്ടാകുമെന്ന് റിപ്പോർട്ട്
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് മന്ത്രിസഭ രൂപവത്കരണം ചൊവ്വാഴ്ചയുണ്ടാകുമെന്ന് റിപ്പോർട്ട്. നിയുക്ത പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ് മന്ത്രിമാരുടെ പട്ടിക തയാറാക്കിയതായി പ്രദേശിക പത്രം റിപ്പോർട്ട് ചെയ്തു.
ഡിസംബർ 14നാണ് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹിെൻറ നേതൃത്വത്തിൽ മന്ത്രിസഭ അധികാരമേറ്റത്. ഒരുമാസം തികയുന്നതിനു മുമ്പ് ജനുവരി 12നു രാജിവെച്ചു. പാർലമെൻറ് അംഗങ്ങളുടെ സമ്മർദമാണ് മന്ത്രിസഭയുടെ രാജിയിലേക്ക് നയിച്ചത്. പ്രശ്നക്കാരായ മന്ത്രിമാരെ മാറ്റിയില്ലെങ്കിൽ സർക്കാറിനെ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന മുന്നറിയിപ്പുമായി എം.പിമാർ ഉറച്ചുനിൽക്കുന്നു.
ഉപപ്രധാനമന്ത്രിയും മന്ത്രിസഭ കാര്യ മന്ത്രിയുമായ അനസ് അൽ സാലിഹിനെയാണ് എം.പിമാർ പ്രധാനമായും ലക്ഷ്യം വെക്കുന്നത്. 50 അംഗ പാർലമെൻറിൽ 38 പേരുടെ പിന്തുണയുണ്ടെന്നാണ് പ്രതിപക്ഷത്തിെൻറ അവകാശവാദം. ഭരണഘടന പ്രകാരം പാർലമെൻറിന് അവിശ്വാസ പ്രമേയത്തിലൂടെ മന്ത്രിമാരെ പുറത്താക്കാൻ അവകാശമുണ്ട്. പ്രതിപക്ഷത്തിന് ശക്തിയുള്ള പാർലമെൻറിൽ അവിശ്വാസ പ്രമേയം വോട്ടിനിട്ടാൽ വിജയിക്കുമെന്ന സ്ഥിതിയുണ്ട്.
കോവിഡ് പ്രതിരോധ നടപടികൾ ഉൾപ്പെടെ നിർണായക വിഷയങ്ങൾ ഇപ്പോൾ കൈകാര്യം ചെയ്യുന്നത് കാവൽ മന്ത്രിസഭയാണ്. പുനഃസംഘടനയിൽ നിലവിലെ മന്ത്രിസഭയിലെ ആരൊക്കെ ഇടം പിടിക്കുമെന്നാണ് രാഷ്ട്രീയരംഗം ഉറ്റുനോക്കുന്നത്. പ്രതിപക്ഷ എം.പിമാർക്ക് ശക്തിയുള്ള നിലവിലെ പാർലമെൻറും സർക്കാറും തമ്മിൽ ഏറെക്കാലം സഹകരിച്ച് മുന്നോട്ടുപോവില്ലെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. മന്ത്രിസഭ രൂപവത്കരണം വൈകുന്ന പശ്ചാത്തലത്തിൽ കുവൈത്ത് പാർലമെൻറ് ഒരുമാസത്തേക്ക് അമീറിെൻറ പ്രത്യേകാധികാരം ഉപയോഗിച്ച് സസ്പെൻഡ് ചെയ്തിരിക്കുകയാണ്. ഫെബ്രുവരി 18 മുതലാണ് മരവിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.