ആഗോളസമാധാനത്തിന് ആഹ്വാനം നൽകി കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിൽ ആഗോള സമാധാനത്തിന് ആഹ്വാനം നൽകി കുവൈത്ത്. അറബ് മേഖലയിലെയും ലോകരാഷ്ട്രങ്ങളിലെയും സംഘർഷങ്ങളെ സൂചിപ്പിച്ച കുവൈത്ത് വിവിധ വെല്ലുവിളികളും പ്രതിസന്ധികളും കൈകാര്യം ചെയ്യുന്നതിന് ഐക്യരാഷ്ട്രസഭയെ പ്രശംസിച്ചു.
അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ പ്രതിനിധിയായി ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിൽ സംസാരിക്കെ പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രശ്നങ്ങളുടെ പരിഹാരത്തിന് ആഗോള സഹകരണം ആവശ്യമാണെന്നും അദ്ദേഹം ഉണർത്തി. സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള യു.എന്നിന്റെ ആഗോള ആഹ്വാനത്തെയും അദ്ദേഹം പ്രശംസിച്ചു. കോവിഡ് മഹാമാരി, കൂട്ട നശീകരണ ആയുധങ്ങളുടെ വ്യാപനം, ഭീകരത, പ്രകൃതിദുരന്തങ്ങൾ, കാലാവസ്ഥാ വ്യതിയാനം, ദാരിദ്ര്യം, ഭക്ഷ്യസുരക്ഷ എന്നിവ വെല്ലുവിളികളാണെന്നും പ്രധാനമന്ത്രി ഉണർത്തി.
യുക്രെയ്നിലെ പ്രതിസന്ധിയെക്കുറിച്ച് സൂചിപ്പിക്കവെ, ബലപ്രയോഗത്തിനെതിരെയുള്ള അന്താരാഷ്ട്ര നിയമത്തിന്റെയും യു.എൻ ചാർട്ടറിന്റെയും തത്ത്വങ്ങളെ പിന്തുണയ്ക്കുന്ന കുവൈത്തിന്റെ അചഞ്ചലമായ നിലപാട് പ്രധാനമന്ത്രി വ്യക്തമാക്കി. സംഘർഷം സമാധാനപരമായി പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾക്കും വെടിനിർത്തലിനും കുവൈത്ത് പിന്തുണ നൽകുന്നതായി അദ്ദേഹം പറഞ്ഞു.
ഫലസ്തീൻ ജനതക്ക് പിന്തുണ പ്രഖ്യാപിച്ച പ്രധാനമന്ത്രി, അവരുടെ ന്യായമായ അവകാശങ്ങൾ ഇസ്രായേൽ കവർന്നെടുക്കരുതെന്ന് സൂചിപ്പിച്ചു. മേഖലയിൽ സമഗ്രവും നീതിയുക്തവുമായ സമാധാനം കൈവരിക്കുന്നതിന് ചർച്ചകൾ പുനരാരംഭിക്കാനുള്ള ശ്രമങ്ങളുടെ ആവശ്യകത അദ്ദേഹം ഉണർത്തി. സിറിയയിൽ സംഘർഷം നീണ്ടുനിൽക്കുന്നതിന് വിദേശ ഇടപെടലുകൾ കാരണമായതായി പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
മനുഷ്യരുടെ കഷ്ടപ്പാടുകളുടെ ഏറ്റവും ഭയാനകമായ ഉദാഹരണങ്ങളിലൊന്നാണ് സിറിയയെന്നും, സൈനിക ഇടപെടലിനേക്കാൾ രാഷ്ട്രീയ പരിഹാരമാണ് അനുയോജ്യമായ മാർഗമെന്നുമുള്ള കുവൈത്തിന്റെ ഉറച്ചവിശ്വാസം ആവർത്തിക്കുന്നതായും പ്രധാനമന്ത്രി വ്യക്തമാക്കി.
യമനിലെ പ്രതിസന്ധിയിൽ സൗദി അറേബ്യയുടെ സമാധാന സംരംഭത്തിന് കീഴിൽ, യു.എൻ മാധ്യസ്ഥ്യത്തെ സ്വാഗതം ചെയ്യുന്നതായി കുവൈത്ത് പ്രധാനമന്ത്രി അറിയിച്ചു. ഗൾഫ് അയൽക്കാരുമായി വിശ്വാസവും സംവാദവും വളർത്തിയെടുക്കാൻ ഗൗരവ നടപടികൾ കൈക്കൊള്ളണമെന്ന് അദ്ദേഹം ഇറാനോട് ആവശ്യപ്പെട്ടു.
ഫിഫ 2022 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഖത്തറിന്റെ അസാധാരണമായ നേട്ടത്തെ പ്രധാനമന്ത്രി പ്രശംസിച്ചു.
ലോകകപ്പ് ഫുട്ബാൾ നടത്തുന്ന ആദ്യ അറബ് രാജ്യമെന്ന നിലയിൽ ഖത്തറിന്റെ നേട്ടം വലുതാണെന്നും അദ്ദേഹം സൂചിപ്പിച്ചു. കുവൈത്തിൽ വരാനിരിക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പ് 'ജനാധിപത്യ ആഘോഷം' എന്നും അദ്ദേഹം വിശേഷിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.