കുട്ടികളുടെ സംരക്ഷണത്തിന് കൂടുതൽ നിയമനിർമാണം വേണമെന്ന് കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: കുട്ടികളെ അക്രമത്തിൽനിന്നും ദാരിദ്ര്യത്തിൽനിന്നും സംരക്ഷിക്കുന്നതിനായി കൂടുതൽ നിയമനിർമാണങ്ങൾ നടത്തുന്നതിനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തണമെന്ന് കുവൈത്ത് അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർഥിച്ചു. ഐക്യരാഷ്ട്രസഭ (യു.എൻ) സാമൂഹികവും മാനുഷികവും സാംസ്കാരികവുമായ കാര്യങ്ങൾ ചുമതലപ്പെടുത്തിയ മൂന്നാം കമ്മിറ്റിയെ അഭിസംബോധന ചെയ്ത് നയതന്ത്ര അറ്റാഷെ ഷാഹദ് അൽ മെനൈഫിയാണ് കുവൈത്ത് നിലപാട് വ്യക്തമാക്കിയത്.
സാമൂഹികവും മാനുഷികവുമായ ബുദ്ധിമുട്ടുകൾ സഹിക്കാൻ നിർബന്ധിതരായ ദശലക്ഷക്കണക്കിന് കുട്ടികൾ അനുഭവിക്കുന്ന പ്രതിസന്ധികളും അനന്തരഫലങ്ങളും അൽ മെനൈഫി ചൂണ്ടിക്കാട്ടി. സിവിലിയന്മാർക്ക് പ്രത്യേകിച്ച് കുട്ടികൾക്ക് സംരക്ഷണം നൽകാൻ അന്താരാഷ്ട്ര സമൂഹത്തോടും ഏജൻസികളോടും സിവിൽ സമൂഹത്തോടും അഭ്യർഥിക്കുന്നു. ഇത്തരം മേഖലകളിൽ മാനുഷിക സഹായം എത്തിക്കാൻ അനുവദിക്കുന്നതിന് സംഘർഷങ്ങൾ നടക്കുന്ന കക്ഷികളോട് ആവശ്യപ്പെടുന്നതായും അൽ മെനൈഫി പറഞ്ഞു.
ദുരിതങ്ങളാൽ ബുദ്ധിമുട്ടുന്ന ആളുകളെ പിന്തുണക്കുന്നതിൽ കുവൈത്ത് ഭരണകൂടത്തിന്റെ താൽപര്യം അൽ മെനൈഫി വ്യക്തമാക്കി. കുട്ടികൾക്കിടയിലെ കഷ്ടപ്പാടുകൾ ലഘൂകരിക്കാൻ യു.എൻ ഏജൻസികളോട് അഭ്യർഥിക്കുകയും ചെയ്തു. കുവൈത്ത് കുട്ടിയുടെ സംരക്ഷണത്തിനും അവകാശങ്ങൾക്കുമായി നിയമനിർമാണം നടത്തിയതും കുടുംബ കോടതി സ്ഥാപിച്ചതും അവർ എടുത്തുപറഞ്ഞു. കുട്ടികളുടെ അവകാശങ്ങളും അന്തസ്സും സംരക്ഷിക്കുന്നതിനുള്ള രാജ്യങ്ങളെയും സംഘടനകളെയും ശ്രമങ്ങളെ പിന്തുണക്കുന്നതിനും കുട്ടികൾക്ക് അനുയോജ്യമായ ഒരു ലോകം സ്ഥാപിക്കുന്നതിനും കുവൈത്ത് പ്രതിജ്ഞാബദ്ധരാണെന്നും അൽ മെനൈഫി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.