കുവൈത്ത് സിറ്റി- റിയാദ് റെയിൽ ലിങ്ക്; സാധ്യതാപഠനത്തിന് അംഗീകാരം
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തെ ഗതാഗത മേഖലയിൽ വൻ കുതിപ്പിന് വഴിവെക്കുന്ന റെയിൽവേ പദ്ധതിക്ക് തുടക്കമാകുന്നു. പദ്ധതിയുടെ ഭാഗമായുള്ള കുവൈത്ത് സിറ്റിയും റിയാദും തമ്മിലുള്ള റെയിൽ ലിങ്ക് സാധ്യതാപഠനത്തിന് അംഗീകാരമായി. കുവൈത്ത്-സൗദി ഹയർ സ്റ്റിയറിങ് കമ്മിറ്റി ആറാം മീറ്റിങ്ങിലാണ് അംഗീകാരം നൽകിയതെന്ന് കുവൈത്ത് പൊതുമരാമത്ത് മന്ത്രിയും മുനിസിപ്പൽ കാര്യ സഹമന്ത്രിയുമായ ഡോ. നൂറ അൽ മഷാൻ അറിയിച്ചു.
ജി.സി.സി അംഗരാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക വികസനത്തിനും ഏകീകരണത്തിനും റെയിൽ സംഭാവന നൽകുമെന്നും അവർ പറഞ്ഞു. സൗദി ഗതാഗത, ലോജിസ്റ്റിക് സർവീസസ് മന്ത്രി സാലിഹ് ബിൻ നാസർ അൽ ജാസറിന്റെയും സംഘത്തിന്റെയും കുവൈത്ത് സന്ദർശനത്തെ ഡോ. നൂറ അൽ മഷാൻ സ്വാഗതം ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ സഹകരണം വർധിപ്പിക്കുന്നതിനുള്ള പാതയിലെ സുപ്രധാന ചുവടുവെപ്പാണിത്. റെയിൽറോഡ് ലിങ്ക് പ്രോജക്റ്റിന്റെ മാനേജിങ് ടീമുകളുമായി ജോയിന്റ് കമ്മിറ്റി ദിവസവും യോഗം ചേരുന്നതായും അവർ അഭിപ്രായപ്പെട്ടു. റെയിൽ ലിങ്ക് പദ്ധതി കുവൈത്തിനും സൗദി അറേബ്യക്കും ഇടയിലുള്ള ലോജിസ്റ്റിക് സേവനങ്ങൾക്ക് പുതിയ ചക്രവാളങ്ങൾ തുറക്കുമെന്നും ഇരു രാജ്യങ്ങളിലെയും ജനങ്ങൾക്ക് പ്രയോജനം ചെയ്യുമെന്നും ഡോ. അൽ മെഷാൻ കൂട്ടിച്ചേർത്തു. ഇരു രാജ്യങ്ങൾക്കുമിടയിലുള്ള സഹകരണവും ഏകീകരണവും വർധിപ്പിക്കുന്ന സംയുക്ത സ്റ്റിയറിങ് കമ്മിറ്റിയുടെ യോഗങ്ങളുടെ ഫലങ്ങളിൽ സൗദി ഗതാഗത, ലോജിസ്റ്റിക് സർവിസസ് മന്ത്രി സാലിഹ് ബിൻ നാസർ അൽ ജാസർ സംതൃപ്തി രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.