സുഡാന് കുവൈത്ത് സഹായം തുടരുന്നു; 20 ടൺ ദുരിതാശ്വാസ സാമഗ്രികളും രണ്ട് ആംബുലൻസുകളും അയച്ചു
text_fieldsകുവൈത്ത് സിറ്റി: ആഭ്യന്തര സംഘർഷം മൂലം ദുരിതം അനുഭവിക്കുന്ന സുഡാനിലെ ജനങ്ങൾക്ക് കുവൈത്ത് സഹായം തുടരുന്നു. ദുരിതാശ്വാസ സഹായവുമായി കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റിയുടെ (കെ.ആർ.സി.എസ്) 16ാമത്തെ വിമാനം സുഡാനിലേക്ക് പുറപ്പെട്ടു.
20 ടൺ ദുരിതാശ്വാസ സാമഗ്രികളും രണ്ട് ആംബുലൻസുകളുമായാണ് കുവൈത്ത് എയർഫോഴ്സ് വിമാനം പുറപ്പെട്ടതെന്ന് കെ.ആർ.സി.എസ് അറിയിച്ചു. കുവൈത്തിന്റെ മാനുഷിക സംരംഭമായ ‘കുവൈത്ത് ഈസ് ബൈ യുവർ സൈഡ്’ എന്ന പദ്ധതിയുടെ ഭാഗമാണ് സഹായ വിമാനം അയക്കുന്നത്. സുഡാനുള്ള ദുരിതാശ്വാസ സഹായം കാമ്പയിൻ തുടരുമെന്നും ജനങ്ങളുടെ ദുരിതങ്ങൾ ലഘൂകരിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ടെന്നും കെ.ആർ.സി.എസ് പബ്ലിക് റിലേഷൻ ആൻഡ് മീഡിയ ഡയറക്ടർ ഖാലിദ് അൽ സെയ്ദ് പറഞ്ഞു.
സുഡാനിലെ ജനങ്ങൾക്ക് ആശ്വാസം നൽകുന്നതിന് കൂടുതൽ മാനുഷിക സംഘടനകളുടെ അടിയന്തര ഇടപെടൽ ആവശ്യമാണെന്നും ഖാലിദ് അൽ സെയ്ദ് പറഞ്ഞു. ‘ഹെൽപ് സുഡാൻ’ കാമ്പയനിന്റെ ഭാഗമായി അസോസിയേഷന്റെ വെബ്സൈറ്റ് വഴി സംഭാവന നൽകാൻ മുൻകൈയെടുക്കാൻ അൽ സെയ്ദ് ആഹ്വാനം ചെയ്തു.
സൈന്യവും അർധസൈനിക സേനയും തമ്മിലുള്ള പോരാട്ടം നടക്കുന്ന സുഡാനിലെ ജനങ്ങളുടെ പ്രയാസങ്ങൾ കുറക്കാൻ അടിയന്തരമായി ഇടപെടാൻ കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് നിർദേശിച്ചിരുന്നു. തുടർന്ന് കുവൈത്ത് സുഡാനിലേക്ക് എയർ ബ്രിഡ്ജ് സ്ഥാപിക്കുകയും സഹായ വിതരണം ആരംഭിക്കുകയും ചെയ്തു.മരുന്നുകൾ, അടിയന്തര വസ്തുക്കൾ, ഭക്ഷണം, ടെന്റുകൾ, മറ്റു വസ്തുക്കൾ എന്നിവ അടങ്ങിയ 150 ടൺ മാനുഷിക സഹായം നേരത്തേ കുവൈത്ത് സുഡാനിലേക്ക് അയച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.