ഗസ്സക്ക് കുവൈത്ത് സഹായം തുടരുന്നു; 10 ടൺ അവശ്യസാധനങ്ങൾ അയച്ചു
text_fieldsകുവൈത്ത് സിറ്റി: ഇസ്രായേൽ ആക്രമണം തുടരുന്ന ഗസ്സക്ക് കുവൈത്ത് സഹായം തുടരുന്നു. കുവൈത്തിൽ നിന്നുള്ള സഹായ വസ്തുക്കളുമായി റിലീഫ് എയർ ബ്രിഡ്ജിനുള്ളിലെ 45ാമത്തെ വിമാനം ജോർഡനിലെ മാർക്ക അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. ഇവിടെ നിന്ന് വസ്തുക്കൾ ഗസ്സയിലെത്തിക്കും. ഗസ്സയിലേക്കുള്ള 10 ടൺ അവശ്യസാധനങ്ങൾ ഉൾക്കൊള്ളുന്നതാണ് വിമാനം.
ഇസ്രായേൽ അധിനിവേശത്തിന്റെ ഗുരുതരമായ ആക്രമണങ്ങൾക്കും ലംഘനങ്ങൾക്കും സാക്ഷ്യം വഹിക്കുന്ന ഗസ്സയിലെ ജനങ്ങളെ പിന്തുണക്കുന്നതിനായി അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെ ഉത്തരവ് പ്രകാരമാണ് ഈ ദുരിതാശ്വാസ സഹായങ്ങൾ നൽകിയതെന്ന് ജോർഡനിലെ കുവൈത്ത് അംബാസഡർ ഹമദ് അൽ മാരി പറഞ്ഞു. ഗസ്സയിലെ ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്ന അടിയന്തര സഹായങ്ങളും അഭയ സാമഗ്രികളുമാണ് സഹായത്തിൽ ഉൾക്കൊള്ളുന്നതെന്നും അൽ മാരി കൂട്ടിച്ചേർത്തു.
ഫലസ്തീനിൽ ഇസ്രായേൽ ആക്രമണം ആരംഭിച്ചതു മുതൽ കുവൈത്ത് സഹായം അയക്കുന്നുണ്ട്. ഇതിനകം 44 വിമാനങ്ങളിലായി ഭക്ഷണം, മരുന്നുകൾ, ആംബുലൻസ്, വസ്ത്രങ്ങൾ, മൊബൈൽ ക്ലിനിക്, ടെന്റുകൾ, മണ്ണുമാന്തി യന്ത്രം എന്നിങ്ങനെ ടൺ കണക്കിന് വസ്തുക്കൾ കുവൈത്ത് ഗസ്സയിലെത്തിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.