കുവൈത്ത് സഹായം തുടരുന്നു; ഗസ്സയിലേക്ക് ഡീസൽ മെഷീനുകളും പ്രഥമശുശ്രൂഷ കിറ്റുകളും 40 ടൺ ഭക്ഷ്യവസ്തുക്കളും മെഡിക്കൽ ഉപകരണങ്ങളും അയച്ചു
text_fieldsകുവൈത്ത് സിറ്റി: ഫലസ്തീനുള്ള മാനുഷിക സഹായവുമായി 18ാമത് കുവൈത്ത് വിമാനം ഞായറാഴ്ച ഈജിപ്തിലെ അൽ അരിഷ് വിമാനത്താവളത്തിലെത്തി. 40 ടൺ ഭക്ഷ്യവസ്തുക്കളും മെഡിക്കൽ ഉപകരണങ്ങളും അടങ്ങിയതാണ് സഹായം.
റഫ അതിർത്തി വഴി ഇവ വൈകാതെ ഗസ്സയിൽ എത്തിക്കും. ഭക്ഷണസാധനങ്ങൾക്ക് പുറമെ, ആറ് ഡീസൽ മെഷീനുകൾ, 30 സൗരോർജ റഫ്രിജറേറ്ററുകൾ, 800ലധികം പ്രഥമശുശ്രൂഷ കിറ്റുകൾ, 10,000 മെഡിക്കൽ ഗ്രേഡ് മാസ്ക്, മുറിവ് വൃത്തിയാക്കൽ യന്ത്രങ്ങൾ എന്നിവയും ഉൾപ്പെടുന്നു.
ഗസ്സയിലെ ആശുപത്രികൾക്ക് നേരെ ഇസ്രായേൽ ആക്രമണം ശക്തമാക്കിയതിനാൽ ആരോഗ്യമേഖല വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഗസ്സയിൽ നിരവധി ആശുപത്രികളുടെ പ്രവർത്തനം നിലക്കുകയും ആരോഗ്യപ്രവർത്തകർ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. ഇന്ധനവും മരുന്നും ഇല്ലാത്തതും ആശുപത്രി പ്രവർത്തനങ്ങളെ ബാധിക്കുന്നു. ഇതിന് ആശ്വാസമായാണ് കുവൈത്ത് കൂടുതൽ മെഡിക്കൽ ഉപകരണങ്ങളും മരുന്നും അയക്കുന്നത്.
ഇന്റർനാഷനൽ ഇസ്ലാമിക് ചാരിറ്റി ഓർഗനൈസേഷൻ (ഐ.ഐ.സി.ഒ), അൽ സലാം ചാരിറ്റി സൊസൈറ്റി എന്നിവയാണ് പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങളുടെ ഏകോപനത്തിൽ ഞായറാഴ്ചയിലെ സഹായം അയച്ചത്. അൽ സലാമും ഐ.ഐ.സി.ഒ ചേർന്ന് അയക്കുന്ന എട്ടാമത്തെ സഹായ വിമാനമാണിത്. ഇവർ ഇതുവരെ 170 ടൺ സഹായവസ്തുക്കൾ അയച്ചിട്ടുണ്ട്.
ഗസ്സയിലെ മാനുഷിക പദ്ധതികൾക്കായി സംഘടന ഇന്നുവരെ മൂന്ന് മില്യൺ യു.എസ് ഡോളറിലധികം നീക്കിവെച്ചിട്ടുണ്ടെന്നും ഫലസ്തീനിലെ പങ്കാളികളിൽനിന്ന് ഡ്രാഫ്റ്റ് പ്രോജക്റ്റുകൾ സ്വീകരിക്കുന്നുണ്ടെന്നും ഇസ്ലാമിക് ഓർഗനൈസേഷൻ മേധാവി ഡോ. അബ്ദുല്ല അൽ മാത്തൂഖ് പറഞ്ഞു.
ഗസ്സയിലേക്ക് വരുംദിവസങ്ങളിൽ 200 ടൺ ശേഷിയുള്ള കൂടുതൽ റിലീഫ് പ്രവർത്തനങ്ങൾ അയക്കാൻ ഇരു ചാരിറ്റികളുടെയും സന്നദ്ധത അൽ സലാം ചാരിറ്റി ഡയറക്ടർ ബോർഡ് ചീഫ് ഡോ. നബീൽ അൽ ഔൻ വ്യക്തമാക്കി.
മാനുഷിക എയർ ബ്രിഡ്ജ് സ്ഥാപിതമായത് മുതൽ മുൻഗണനകൾ ഏകോപിപ്പിക്കുന്നതിനായി ഫലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റിയുമായി ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട്. ഗസ്സയിലെ സാഹചര്യങ്ങൾ അടിയന്തര ഇടപെടൽ ആവശ്യപ്പെടുന്നുണ്ട്. മാനുഷിക സഹായശ്രമങ്ങൾ തുടരണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.