കുവൈത്ത്: പ്രതീക്ഷയുടെ പുലരി
text_fieldsകാലത്തിന്റെ മഹാപ്രവാഹത്തിൽ ഒരു വർഷം കൂടി അടർന്നുവീഴുന്നു. 2023ലും സമിശ്രമായിരുന്നു ലോകവും രാജ്യവും. മുന്നോട്ടുള്ള ലക്ഷ്യ സാക്ഷാത്കാരത്തിനൊപ്പം പല നഷ്ടങ്ങൾക്കും വിജയങ്ങൾക്കും കഴിഞ്ഞ വർഷവും ലോകം സാക്ഷിയായി. പതിവുപോലെ എല്ലാ പ്രതിസന്ധികളെയും അതീജിവിച്ച് മാനവരാശി മുന്നോട്ടുപോയി.
കോവിഡ് തളർത്തിയ രണ്ടു വർഷങ്ങൾക്ക് ശേഷം പ്രതീക്ഷയുടെയും പ്രത്യാശയുടെയും മിന്നാലാട്ടങ്ങള്‍ കണ്ട വര്‍ഷമായിരുന്നു 2022. അതിൽ നിന്നും ബഹുദൂരം മുന്നോട്ടു കുതിച്ചു 2023. കുവൈത്തും ഇതിൽ നിന്ന് ഭിന്നമായിരുന്നില്ല. പിന്നിടുന്ന വർഷം ഈ കുഞ്ഞുരാജ്യവും വലിയ സ്വപ്നങ്ങളുമായി മുന്നേറി.
ഫലസ്തീൻ സംഘർഷം അതിന്റെ എല്ലാ നോവുകളോടെയും കുവൈത്ത് പോയ വർഷം ഏറ്റെടുത്തു. ഫലസ്തീൻ ഐക്യദാർഢ്യ ഭാഗമായി രാജ്യത്ത് ആഘോഷ പരിപാടികൾ നിർത്തിവെച്ചു. ഡിസംബറിൽ മുൻ അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ വേർപാട് രാജ്യത്തെ വലിയ നഷ്ടത്തിലേക്ക് നയിച്ചു.
മുൻ അമീറിന്റെ വലിയ നഷ്ടം
രാജ്യ പുരോഗതിയിൽ ശ്രദ്ധേയ സംഭാവനകൾ അർപ്പിക്കുകയും കുവൈത്ത് ഭരണ നേതൃത്വത്തിൽ അരനൂറ്റാണ്ടോളം നിറഞ്ഞുനിൽക്കുകയും ചെയ്ത മുൻ അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ വേർപാട് 2023 ൽ കുവൈത്തിന്റെ വലിയ നഷ്ടമായി. ഡിസംബർ 16നാണ് മുൻ അമീർ അന്തരിച്ചത്.
ദീർഘകാലമായി അസുഖ ബാധിതനായി ചികിത്സയിൽ ആയിരുന്ന അമീറിനെ ആരോഗ്യ പ്രശ്നങ്ങൾ മൂർച്ഛിച്ചതിനെ തുടർന്ന് നവംബർ 29ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് ആരോഗ്യം തൃപ്തികരമായെങ്കിലും ഡിസംബർ 16 ന് ഉച്ചയോടെ മരണപ്പെട്ടു. മുൻ അമീറിന്റെ വേർപാട് സൃഷ്ടിച്ച വേദനയിലൂടെയാണ് രാജ്യം വർഷാന്ത്യത്തെ മറികടക്കുന്നത്. രാജ്യത്ത് 40 ദിവസത്തെ ഔദ്യോഗിക ദുഖാചരണം തുടരുന്നു.
പുതിയ അമീർ
ശൈഖ് നവാഫിന്റെ നിര്യാണത്തോടെ കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് കുവൈത്തിലെ പുതിയ അമീറായി ചുമതലയേറ്റു. കിരീടാവകാശിയായും ദേശീയ ഗാർഡ്സിന്റെ തലവനായും വിദേശ ദൗത്യങ്ങളിൽ അമീറിനൊപ്പം സേവനമനുഷ്ഠിച്ചും മുതിർന്ന പദവികളിൽ പതിറ്റാണ്ടുകളുടെ സേവന പാരമ്പര്യം ശൈഖ് മിശ്അലിനുണ്ട്.
കിരീടാവകാശിയായിരിക്കെ മുൻ അമീർ ശൈഖ് നവാഫിനൊപ്പം രാജ്യത്തെ കൂടുതൽ വികസനത്തിലേക്കും സമൃദ്ധിയിലേക്കും നയിക്കുന്നതിൽ നേതൃപരമായ പങ്കുവഹിച്ചു. മുൻ അമീർ അസുഖ ബാധിതനായതോടെ അന്താരാഷ്ട്ര വേദികളിലും നയതന്ത്ര ഇടപെടലുകളിലും രാജ്യത്തെ പ്രതിനിധീകരിച്ചതും ശൈഖ് മിശ്അലായിരുന്നു. പുതിയ അമീറിന്റെ നേതൃത്വത്തിൽ പ്രതീക്ഷകളോടെയാണ് രാജ്യം പുതുവർഷത്തെ വരവേൽക്കുന്നത്.
ഫലസ്തീനെ ചേർത്തുപിടിച്ചു
ഇസ്രായേൽ അധിനിവേശ സേനയുടെ അതിക്രമങ്ങളിൽ നിന്ന് എന്നും ഫലസ്തീൻ ജനതയെ ചേർത്തുപിടിച്ച രാജ്യമാണ് കുവൈത്ത്. പോയ വർഷം ലോകം അതിന് സാക്ഷിയായി. ഒക്ടോബറിലെ ഇസ്രായേൽ ആക്രമണത്തിന് തൊട്ടുപിറകെ കുവൈത്ത് ഫലസ്തീനിലേക്ക് എയർബ്രിഡ്ജ് ആരംഭിക്കുകയും മാനുഷിക സഹായവിതരണം ആരംഭിക്കുകയും ചെയ്തു.
ഭക്ഷണം, മരുന്ന്, ടെന്റുകൾ, പുതപ്പ്, ആംബുലൻസുകൾ, മണ്ണുമാന്തിയന്ത്രം തുടങ്ങി വലിയ രൂപത്തിൽ സഹായം കുവൈത്ത് ഗസ്സയിലെത്തിച്ചു. ദേശീയ അസംബ്ലി ഫലസ്തീൻ വിഷയം ചർച്ചചെയ്യുന്നതിനായി മാത്രം സമ്മേളിച്ചു. ഫലസ്തീൻ ഐക്യദാർഢ്യ ഭാഗമായി രാജ്യത്ത് ആഘോഷ പരിപാടികൾ നിർത്തിവെച്ചു.
2026 ലോകകപ്പ്, 2027 ഏഷ്യൻ കപ്പ് ഫുട്ബാൾ യോഗ്യതാ മത്സരങ്ങളുടെ ഭാഗമായി ആസ്ട്രേലിയക്കെതിരായ ഫലസ്തീൻ ദേശീയ ടീമിന്റെ മത്സരത്തിനും കുവൈത്ത് വേദിയൊരുക്കി. സംഘർഷങ്ങൾ കാരണം ഫലസ്തീനിൽ മത്സരം സംഘടിപ്പിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് കുവൈത്ത് ടീമിനെ സ്വാഗതം ചെയ്തത്. നിറഞ്ഞ ഗാലറിയിൽ കുവൈത്ത് ജനത ഫലസ്തീന് അഭിവാദ്യമർപ്പിച്ചു.
കുടുംബ വിസയിൽ പ്രതീക്ഷ
കോവിഡിന് ശേഷം കുവൈത്തിലേക്കുള്ള കുടുംബ വിസയും സന്ദർശന വിസയും അനുവദിക്കുന്നത് അനിശ്ചിതമായി നിര്‍ത്തിവെച്ചത് മലയാളികള്‍ അടക്കമുള്ള വിദേശികള്‍ക്ക് വലിയ പ്രയാസം സൃഷ്ടിച്ചു. 2023 ൽ പ്രവാസികളുടെ കുവൈത്തിലേക്കുള്ള വരവിനെ ഇത് കാര്യമായി ബാധിച്ചു. റസിഡൻസി നിയമത്തിൽ മാറ്റങ്ങളോടെ പുതുവർഷത്തിൽ പുതിയ നിയമം വരുമെന്നാണ് സൂചന. ഇതോടെ നിർത്തിവെച്ച കുടുംബ വിസ, സന്ദർശന വിസ എന്നിവ പുനരാരംഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ.
ഫലസ്തീൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കുവൈത്തിൽ ആഘോഷ പരിപാടികൾ നിർത്തിവെച്ചത് മലയാളികളെയും ബാധിച്ചു. മലയാളി സംഘടനകൾ ഓണാഘോഷങ്ങൾ നിർത്തിവെച്ചു. രാജ്യത്ത് ക്രിസ്മസ് ആഘോഷങ്ങളും നടന്നില്ല. പുതുവർഷത്തിൽ കൂടുതൽ തെളിമയോടെ ആഘോഷങ്ങളിലേക്ക് കടക്കാമെന്ന പ്രതീക്ഷയാണെങ്ങും.
തെളിയാതെ ആകാശ വഴി
കുവൈത്തിൽ നിന്ന് നാട്ടിലേക്കുള്ള വിമാന സർവിസുകൾ വർധിപ്പിക്കാത്തതും ഷെഡ്യൂളുകൾ താളം താളം തെറ്റുന്നതും പോയ വർഷവും തുടർന്നു. സീസണിൽ വാനംമുട്ടെ ഉയരുന്ന ടിക്കറ്റ് നിരക്കും മലയാളികളായ പ്രവാസികൾക്ക് ദുരിതം തീർക്കുന്നത് തുടരുന്നു. ഓണം, പെരുന്നാൾ, ക്രിസ്മസ് ആഘോഷവേളകളിലും സ്കൂൾ അവധിക്കാലത്തും നാട്ടിലെത്താൻ വലിയ തുകയാണ് പ്രവാസികൾ ചിലവഴിക്കേണ്ടിവരുന്നത്.
കണ്ണൂരിലേക്ക് കുവൈത്തിൽ നിന്ന് സർവിസ് നടത്തിയിരുന്ന ഗോ ഫസ്റ്റ് നിർത്തലാക്കിയത് പുനരാരംഭിച്ചില്ല. എയർഇന്ത്യ എകസ്പ്രസ് ആഴ്ചയിൽ രണ്ടു സർവിസായി ഉയർത്തിയതുമാത്രമാണ് ഈ സെക്ടറിലെ എക ആശ്വാസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.